വിയത്‌നാം കമ്യൂണിസ്റ്റ് പാർടിയുടെ പതിനാലാം കോൺഗ്രസിന് ഹാനോയിൽ തുടക്കം

ഹാനോയ് : വിയത്‌നാം കമ്യൂണിസ്റ്റ് പാർടിയുടെ പതിനാലാം കോൺഗ്രസിന് ഹാനോയിയിലെ വിയത്‌നാം നാഷണൽ കൺവൻഷൻ സെന്ററിൽ തുടക്കമായി. 1586 പ്രതിനിധികളാണ് 25 വരെ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നത്. അഞ്ചുവർഷത്തേക്ക് നയിക്കേണ്ട കേന്ദ്രകമ്മിറ്റിയെയും പൊളിറ്റ്‌ബ്യൂറോയെയും പാർടി കോൺഗ്രസ് തെരഞ്ഞെടുക്കും.
വിയത്‌നാം പുരോഗതിയുടെ പുതുയുഗത്തിലേക്ക് കടക്കുകയാണെന്നും ആധുനികവത്കരണത്തിലൂടെയും ഭരണപരിഷ്‌കാരങ്ങളിലൂടെയും എല്ലാ ജനങ്ങൾക്കിലേക്കും ഭരണനേട്ടങ്ങൾ എത്തിക്കാനാണ് ശ്രമമെന്നും വിദേശ സഹമന്ത്രി ലീതി തു ഹാങ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 46 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. 20 ശതമാനം തീരുവയാണ് നിലവിലുള്ളത്. ഇൗ പ്രതികൂല സാഹചര്യത്തിലും കയറ്റുമതി 28 ശതമാനം വർധിപ്പിക്കാൻ വിയത്‌നാമിനായി. ഉൽപ്പാദനവും കയറ്റുമതിയും കൂട്ടി സന്പദ്‌ഘനയിൽ കുതിപ്പ് നടത്താനുള്ള ശ്രമങ്ങൾക്ക് ദിശാബോധം നൽകുന്ന ചർച്ചകളും സമ്മേളനത്തിൽ നടക്കും.
പാർടി ജനറൽ സെക്രട്ടറി ഗുയേൻ ഫു ട്രോങ് 2024 ജൂലൈയിൽ അന്തരിച്ചതിനെത്തുടർന്നാണ് മുൻ പ്രസിഡന്റ് ടോ ലാമിനെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. പ്രസിഡന്റ് ലുങ് കോങ്, പ്രധാനമന്ത്രി ഫാം മിൻ ചിൻ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.



