കോംഗോയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ഭീകരാക്രമണം; 38 പേർ മരിച്ചു

ബ്രാസാവിൽ : കിഴക്കന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കൊമാന്‍ഡയില്‍ ക്രിസ്ത്യൻ പള്ളിയ്ക്ക് നേരേ ഉണ്ടായ ഭീകരാക്രമണത്തില്‍ 38 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഉഗാണ്ടന്‍ ഇസ്ലാമിസ്റ്റ് വിമതരായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് (എഡിഎഫ്) ആണ് ആക്രമണത്തിന് പിന്നില്‍. പള്ളി സമുച്ചയം ആക്രമിച്ച ഇവര്‍ വീടുകളും കടകളും കത്തിക്കുകയും വന്‍ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു.
പുലര്‍ച്ചെ ഒരു മണിയോടെ നടത്തിയ ആക്രമണത്തിൽ പള്ളിക്കുള്ളിലും പുറത്തും നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തി. ഇരുപതിലേറെ പേര്‍ വെടിയേറ്റാണ് മരിച്ചത്. വീടുകളെ കേന്ദ്രീകരിച്ച് നടത്തിയ ആക്രമണങ്ങളില്‍ പൊള്ളലേറ്റാണ് കൂടുതൽ പേരും മരിച്ചത്. ഒട്ടേറെപേരെ കാണാനില്ലെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എപി റിപ്പോര്‍ട്ട് ചെയ്തു.
1990 കളില്‍ ഉഗാണ്ടയില്‍ രൂപീകരിക്കപ്പെട്ട സംഘടനയാണ് എഡിഎഫ്. സ്വന്തം നാട്ടിലെ സൈനിക സമ്മര്‍ദ്ദം മൂലം 2002ല്‍ ഇവര്‍ കോംഗോയിലേക്ക് തട്ടകം മാറ്റുകയായിരുന്നു. ഐ.എസ് പോലുള്ള ഭീകരപ്രസ്ഥാനങ്ങളോട് കൂറ് പ്രഖ്യാപിച്ചിട്ടുള്ള സംഘടനകൂടിയാണിത്.