സ്പോർട്സ്

ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ വിരമിക്കുന്നു


ബേണ്‍: ഇതിഹാസ താരം റോജര്‍ ഫെഡറര്‍ പ്രൊഫഷണല്‍ ടെന്നീസില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. സെപ്റ്റംബറില്‍ നടക്കുന്ന ലേവര്‍ കപ്പോടെ ടെന്നീസില്‍ നിന്നും പൂര്‍ണ്ണമായും വിരമിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

സമകാലിക കായിക ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച കായിക താരങ്ങളില്‍ ഒരാളായ റോജര്‍ ഫെഡറര്‍, പ്രൊഫഷണല്‍ ടെന്നീസില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട പുരുഷ താരമാണ്.

20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ എന്ന സ്വപ്ന നേട്ടത്തിനുടമയാണ് സ്വിസ് താരമായ ഫെഡറര്‍. 8 വിമ്ബിള്‍ഡണ്‍ കിരീടങ്ങള്‍ നേടിയിട്ടുണ്ട്. സാമൂഹിക മാദ്ധ്യമത്തിലൂടെയാണ് ഫെഡറര്‍ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.

24 വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ ആയിരത്തി അഞ്ഞൂറിലധികം മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഫെഡറര്‍ 103 എടിപി കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2021 വിമ്ബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ ഫൈനലിന് ശേഷം തിരിച്ചു വരവിന് ശ്രമിച്ചിരുന്ന ഫെഡററെ പരിക്ക് അലട്ടിയിരുന്നു.

നാല്‍പ്പത്തിയൊന്നാം വയസ്സിലാണ്, ഒരു തലമുറയുടെ കായിക സ്വപ്നങ്ങളെ ഐതിഹാസികമായി സ്വാധീനിച്ച ഫെഡറര്‍ എന്ന ടെന്നീസ് മാന്ത്രികന്‍ കളിക്കളങ്ങളോട് വിട പറയുന്നത്. 2018ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ നിലനിര്‍ത്തിയതായിരുന്നു ഫെഡററുടെ കരിയറിലെ അവസാന ഗ്രാന്‍ഡ്സ്ലാം നേട്ടം. 2019 വിമ്ബിള്‍ഡണ്‍ ഫൈനലില്‍ എത്തിയെങ്കിലും സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചിനോട് പരാജയപ്പെടുകയായിരുന്നു. 21 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള റാഫേല്‍ നദാലിന് തൊട്ട് പിന്നിലാണ് ടെന്നീസ് ചരിത്രത്തില്‍ ഫെഡററുടെ സ്ഥാനമെങ്കിലും, പ്രതിഭ കൊണ്ടും പോരാട്ട മികവ് കൊണ്ടും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന താരങ്ങളാണ് ഇരുവരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button