
ന്യൂഡൽഹി : ഇന്ത്യൻ ടെന്നിസ് താരം രോഹൻ ബൊപ്പണ്ണ വിരമിച്ചു. രണ്ടു ദശകം നീണ്ടു നിന്ന ടെന്നിസ് കരിയറിനാണ് ബൊപ്പണ്ണ നാൽപ്പത്തഞ്ചാം വയസിൽ വിരാമമിട്ടിരിക്കുന്നത്. ഗ്രാൻഡ് സ്ലാം കിരീടം നേടിയ നാല് ഇന്ത്യക്കാരിൽ ഒരാളാണ് ബൊപ്പണ്ണ. പാരീസ് മാസ്റ്റേഴ്സിൽ ഖസാക്കിസ്ഥാന്‍റെ അലക്സാണ്ടർ ബബ്ലിക്കിനൊപ്പമാണ് ബൊപ്പണ്ണ ഏറ്റവും ഒടുവിൽ കളത്തിലെത്തിയത്. വികാരഭരിതമായ കുറിപ്പിലൂടെയാണ് ബൊപ്പണ്ണ വിരമിക്കൽ പ്രഖ്യാപിച്ചത്. ഗുഡ് ബൈ, പക്ഷെ ഒന്നിന്‍റെയും അവസാനമല്ല, ഔദ്യോഗികമായി ഞാൻ റാക്കറ്റ് താഴെ വയ്ക്കുന്നു എന്നാണ് ബൊപ്പണ്ണ കുറിച്ചിരിക്കുന്നത്.
കൂർഗിലെ ചെറുഗ്രാമത്തിൽ നിന്ന് യാത്ര ആരംഭിച്ചതു മുതൽ വിറകുകൾ ഒടിച്ച് സെർവുകൾ ശക്തമാക്കി, കാപ്പിത്തോട്ടങ്ങളിലൂടെ ഓടി സ്റ്റാമിനയുണ്ടാക്കി, തകർന്ന കോർട്ടുകളിൽ സ്വപ്നങ്ങളെ പിന്തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളുടെ വെളിച്ചത്തിൽ നിൽക്കുന്നത് വരെ – എല്ലാം അവിശ്വസനീയമായി തോന്നുന്നു, ബൊപ്പണ്ണ കുറിച്ചു.



