ജോർജിയയിൽ പാതിരാത്രിയിലെ വിദ്യാർഥികളുടെ പ്രാങ്ക്; റോഡിലേക്ക് വീണ അധ്യാപകൻ വാഹനം കയറി മരിച്ചു

ജോർജിയ : വിദ്യാർഥികളുടെ പ്രാങ്കിനിടെ റോഡിലേക്ക് വീണ അധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു. ജോർജിയയിലാണ് സംഭവം. നോർത്ത് ഹാൾ ഹൈസ്കൂളിലെ ഗണിതശാസ്ത്രം അധ്യാപകനും ഗോൾഫ് പരിശീലകനുമായ ജൈസൺ ഹ്യൂഗ്സ് (40) ആണ് മരിച്ചത്. കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകനായിരുന്നു ഹ്യൂഗ്സ്. ഹ്യൂഗ്സിനെ പ്രാങ്ക് ചെയ്യുന്നതിനായി വിദ്യാർഥികളിൽ ചിലർ കഴിഞ്ഞ ദിവസം രാത്രി ഹ്യൂഗ്സിന്‍റെ വീട്ടുമുറ്റത്തെത്തിയിരുന്നു. മരങ്ങളെല്ലാം ടോയ്‌ലെറ്റ് പേപ്പർ കൊണ്ട് മറയ്ക്കുന്ന ഒരു തരം പ്രാങ്ക് ജോർജിയയിൽ സാധാരണയാണ്.
കുട്ടികൾ മരത്തിൽ കടലാസ് ഒട്ടിക്കുന്നതിനിടെ ശബ്ദം കേട്ട് ഹ്യൂഗ്സ് പുറത്തേക്കിറങ്ങി വന്നു. വിദ്യാർഥികൾ പെട്ടെന്ന് വാഹനങ്ങളിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. അസാധാരണമായി വാഹനങ്ങൾ കണ്ട് അതിനടുത്തേക്ക് നടന്ന ഹ്യൂഗ്സ് വഴുതി റോഡിലേക്ക് വീണു.
തൊട്ടു പിന്നാലെ തന്നെ കുട്ടികളിലൊരാൾ ഓടിച്ചിരുന്ന പിക് അപ് ട്രക്ക് അധ്യാപകനു മേലേ കയറിയിറങ്ങി. 18കാരനായ വിദ്യാർഥി ജൈഡൻ റയാൻ വാലസ് ആണ് വാഹനം ഓടിച്ചിരുന്നത്. കുട്ടികൾ പെട്ടെന്ന് തന്നെ ഇറങ്ങി അധ്യാപകനു വേണ്ട പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാഹനം ഓടിച്ചിരുന്ന ജൈഡനെ പൊലീസ് അറസ്റ്റ് ചെയ്തു. നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കൽ, അതിക്രമിച്ചു കയറൽ, സ്വകാര്യ സ്ഥലം മലിനമാക്കൽ തുടങ്ങി നിരവധി കുറ്റങ്ങളാണ് ജയ്ഡനു മേൽ ചുമത്തിയിരിക്കുന്നത്.



