സിപിഎം എംഎൽഎ യൂസുഫ് തരിഗാമി ജമ്മു കശ്മീർ മന്ത്രിസഭയിലേക്ക്

ന്യൂഡൽഹി : സിപിഎം എംഎൽഎ യൂസുഫ് തരിഗാമി ജമ്മു കശ്മീർ മന്ത്രിസഭയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. നാഷണൽ കോൺഫറൻസ് ആവശ്യപ്പെട്ടാൽ ചർച്ചക്ക് തയ്യാറെന്ന് സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കി. ജമ്മു കശ്മീരിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് തീരുമാനം.
തുടർച്ചയായ അഞ്ചാം തവണയാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ തരിഗാമി കശ്മീരിലെ കുൽഗാം മണ്ഡലത്തിൽനിന്ന് വിജയിക്കുന്നത്. ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായാണ് സിപിഎം ജമ്മു കശ്മീരിൽ മത്സരിച്ചത്. 1996ലാണ് കുൽഗാമിൽനിന്ന് തരിഗാമി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. 2002, 2008, 2014 വർഷങ്ങളിലും ജയം ആവർത്തിച്ചു.
1949ൽ ഗുൽഗാമിലെ കർഷക കുടുംബത്തിലാണ് തരിഗാമി ജനിച്ചത്. ബന്ധുവും കശ്മീരിലെ പ്രധാനപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന അബ്ദുൽകരീം വാനിയുടെ സ്വാധീനമാണ് തരിഗാമിയെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകർഷിച്ചത്. സാധാരണക്കാർക്കിടയിൽ തരിഗാമിക്കുള്ള സ്വാധീനമാണ് കുൽഗാമിനെ സിപിഎം കോട്ടയാക്കി മാറ്റിയത്.
ഉമർ അബ്ദുല്ലയെ മുഖ്യമന്ത്രിയാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന നാഷണൽ കോൺഫറൻസ് പാർട്ടിയുടെ നിയമസഭാ കക്ഷിയോഗം തീരുമാനിച്ചിരുന്നു. സഖ്യകക്ഷിയായ കോൺഗ്രസിന് എത്ര മന്ത്രിസ്ഥാനമുണ്ടാവുമെന്നതിൽ തീരുമാനമായിട്ടില്ല. പിഡിപിക്കും മന്ത്രിസഭയിൽ പ്രാതിനിധ്യമുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു.