വെടിനിർത്തൽ ലംഘിച്ച് തെക്കൻ ലബനാനിൽ ഇസ്രായേൽ ആക്രമണം; നാലുപേർ കൊല്ലപ്പെട്ടു

ബെയ്റൂത്ത് : വെടിനിർത്തൽ ലംഘിച്ച് തെക്കൻ ലബനാനിൽ ഇസ്രായേൽ ആക്രമണം. നബതിയ ജില്ലയിലെ കഫർസീർ പട്ടണത്തിൽ കാറിനു നേരെ ശനിയാഴ്ച രാത്രി മിസൈൽ വർഷിക്കുകയായിരുന്നു.
ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. അതിർത്തി കടന്ന് ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ലബനാൻ പ്രസിഡന്റ് ജോസഫ് ഔൻ ശക്തമായി രംഗത്തെത്തിയതിന് പിന്നാലെയാണ് വീണ്ടും മിസൈൽ വർഷം. ഹിസ്ബുല്ലക്കെതിരെ ആക്രമണം രൂക്ഷമാക്കുമെന്ന ഭീഷണിയും ഇസ്രായേൽ നടത്തിയിട്ടുണ്ട്. 2024 നവംബറിൽ ലബനാനിൽ വെടിനിർത്തൽ നിലവിൽ വന്നെങ്കിലും രാജ്യത്തിന്റെ അഞ്ച് ഭാഗങ്ങളിൽ ഇപ്പോഴും ഇസ്രായേൽ സേന നിലയുറപ്പിച്ചിട്ടുണ്ട്.
ഹിസ്ബുല്ലയെ ലക്ഷ്യമിട്ടെന്ന പേരിലാണ് പലപ്പോഴായി ബോംബിങ് തുടരുന്നത്. സായുധ സംഘടനയുടെ നിരായുധീകരണം ഏറെയായി ഇസ്രായേലിനൊപ്പം അമേരിക്കയടക്കം ആവശ്യപ്പെടുന്നതാണ്. ഹിസ്ബുല്ലയുടേതായി നിലനിന്ന ആയുധകേന്ദ്രങ്ങളിലേറെയും ഇതിനകം സർക്കാർ തന്നെ നേരിട്ട് ഇടപെട്ട് നശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞവർഷം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ സംഘടനയുടെ നേതാക്കളിലേറെയും കൊല്ലപ്പെട്ടിട്ടുമുണ്ട്. ഇതിനകം ദുർബലമായ സംഘടനയെ നാമാവശേഷമാക്കുംവരെ ആക്രമണം തുടരുമെന്നാണ് ഇസ്രായേൽ ഭീഷണി. അതിനിടെ, ഗസ്സയിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. പ്രതിദിനം 600 സഹായ ട്രക്കുകൾ അനുവദിക്കേണ്ടിടത്ത് 145 എണ്ണം മാത്രമാണ് കടത്തിവിടുന്നത്. ഇത് ഗസ്സയിലെ ലക്ഷങ്ങളെ കടുത്ത പട്ടിണിയിലാക്കുകയാണ്. വെടിനിർത്തൽ നിലനിൽക്കെ ഇസ്രായേൽ ആക്രമണവും തുടരുന്നുണ്ട്.
24 മണിക്കൂറിനിടെ മൂന്നു പേരുടെ മൃതദേഹം ഗസ്സയിലെ ആശുപത്രികളിലെത്തിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.



