അന്തർദേശീയം

ഗാസ ‘കീഴടക്കൽ’ പദ്ധതിക്ക് അംഗീകാരം നൽകി ഇസ്രയേൽ

ടെല്‍ അവീവ് : ഹമാസിനെതിരായ പോരാട്ടം വിപുലപ്പെടുത്തി ഗാസ കീഴടക്കാനും പ്രദേശം കൈവശപ്പെടുത്താനുമുള്ള പദ്ധതിക്ക് ഇസ്രയേല്‍ ഭരണകൂടം അംഗീകാരം നല്‍കി. ഗാസയിലെ പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള പദ്ധതി സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭാ സമിതി ഏകകണ്ഠമായി അംഗീകരിച്ചതായി അധികൃതര്‍ പറഞ്ഞു. ഗാസയില്‍ ഹമാസിനെതിരെ പോരാട്ടം കടുപ്പിച്ച് പ്രദേശം കീഴടക്കുന്ന പദ്ധതിക്കായി റിസര്‍വിലുള്ള പതിനായിരക്കണക്കിന് സൈനികരോട് യുദ്ധ രംഗത്തേക്കിറങ്ങാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗാസയില്‍ തടവിലാക്കപ്പെട്ട ബന്ദികളെ തിരികെ കൊണ്ടുവരികയും ഹമാസ് തീവ്രവാദികളെ പരാജയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നീക്കമെന്ന് ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പറഞ്ഞു. അതേസമയം പുതിയ നീക്കം തടവിലാക്കപ്പെട്ട ബന്ദികളുടെ ജീവന്‍ അപടത്തിലാക്കാമെന്ന മുന്നറിയിപ്പും സൈനിക മേധാവിമാര്‍ ഇസ്രയേല്‍ മന്ത്രിമാരെ അറിയിച്ചിട്ടുണ്ട്.

അടുത്തയാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ പ്രദേശം സന്ദര്‍ശിക്കുന്നതിനുശേഷം മാത്രമേ ഇത് നടപ്പിലാക്കൂ എന്നും അതുവരെ ഹമാസുമായി വെടിനിര്‍ത്തലും ബന്ദിമോചന കരാറും പാലിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സാധാരണക്കാരെ തെക്കന്‍ ഗാസയിലേക്ക മാറ്റി നിയന്ത്രണം പൂര്‍ണ്ണമായും ഐഡിഎഫ് ഏറ്റെടുക്കും. മാനുഷിക സഹായം നടത്താന്‍ ഹമാസിനെ അനുവദിക്കില്ലെന്നും ഐഡിഎഫ് മേധാവി പറഞ്ഞു. ഒറ്റയടക്കിന് ഗാസ പിടിച്ചെടുക്കുന്ന പദ്ധതിയല്ല ഉള്ളത്. ആദ്യം ഒരു പ്രദേശം കേന്ദ്രീകരിച്ചും പിന്നീട് വിപുലപ്പെടുത്തുകയും ചെയ്യുന്നതാണ് പദ്ധതിയെന്നും ഐഡിഎഫ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സാമിര്‍ പറഞ്ഞു. പോരാട്ടം ചില മാസങ്ങള്‍ നീണ്ടുനില്‍ക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഭൂമിക്ക് മുകളിലും താഴെയുമുള്ള ഹമാസിന്റെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും തകര്‍ക്കുന്നതാണ് പുതിയ പദ്ധതിയെന്ന് ഇസ്രയേല്‍ സൈന്യം പറയുന്നു.

ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ രാജ്യത്ത് തുടരുന്നതിനിടെയാണ് പുതിയ പദ്ധതിക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്.

വെടിനിര്‍ത്തലിനും ഹമാസ് ബന്ദികളാക്കിയ ബാക്കി 59 പേരെ മോചിപ്പിക്കുന്നതിനും വേണ്ടിയുള്ള പുതിയ കരാറിനായുള്ള അന്താരാഷ്ട്ര ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ബന്ദികളില്‍ 24 പേര്‍ ജീവിച്ചിരിപ്പുണ്ടെന്ന് കരുതപ്പെടുന്നു. മാര്‍ച്ച് 18ന് ഇസ്രയേല്‍ ആക്രമണം പുനരാരംഭിച്ചതിന് ശേഷം ഇതുവരെ ഒരു ബന്ദിയേയും മോചിപ്പിക്കാനായിട്ടില്ല. രണ്ട് മാസത്തോളമായി മാനുഷിക സഹായങ്ങളടക്കം തടഞ്ഞുകൊണ്ടാണ് ഇസ്രയേല്‍ ഹമാസിനുമേലുള്ള സമ്മര്‍ദ്ദം ശക്തമാക്കി കൊണ്ടിരിക്കുന്നത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button