പാകിസ്ഥാനിൽ ഡ്രോൺ ജനവാസ മേഖലയിലേക്ക് തകർന്നുവീണു; മൂന്ന് കുട്ടികൾ മരിച്ചു

ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ഡ്രോൺ ജനവാസ മേഖലയിൽ തകർന്നുവീണ് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ജനവാസ മേഖലയിലേക്കാണ് ഒരു ക്വാഡ്കോപ്റ്റർ ഡ്രോൺ ഇടിച്ചുകയറാണ് കുട്ടികൾ കൊല്ലപ്പെട്ടത്. ഒരാൾക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു. ഖൈബർ പഖ്തുൻഖ്വയിലെ ബന്നു ജില്ലയിലെ മുമന്ദ് ഖേൽ പ്രദേശത്താണ് സംഭവമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ശനിയാഴ്ച വൈകിട്ടാണ് ഡ്രോൺ ജനവാസമേഖലയിലേക്ക് പതിച്ചത്.
നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും പരിക്കേറ്റ കുട്ടികളെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിന് തൊട്ടുപിന്നാലെ രക്ഷാപ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മൂന്ന് കുട്ടികൾ മരിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. പരിക്കേറ്റ കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. മൂന്ന് കുട്ടികളുടെയും മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.



