അന്തർദേശീയം

തീരം തൊടാനിരിക്കെ ആൽഫ്രഡ് ചുഴലിക്കാറ്റ്; ഓസ്ട്രേലിയയിൽ കനത്ത ജാഗ്രത

കാൻബ റ: ആൽഫ്രഡ് ചുഴലിക്കാറ്റ് ബ്രിസ്ബേനിൽ തീരം തൊടാനിരിക്കെ ഓസ്ട്രേലിയയിൽ കനത്ത ജാഗ്രത. തെക്കൻ ക്വീൻസ്‌ലൻഡിലും വടക്കൻ ന്യൂ സൗത്ത് വെയിൽസിലും വ്യാപകമായ നാശം വിതയ്ക്കുമെന്നാണ് മുന്നറിയിപ്പ്. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. ക്വീൻസ് ലാൻഡിലെ വിദ്യാലയങ്ങളും ബ്രിസ്ബേൻ വിമാനത്താവളവും അടച്ചിട്ടു. ഇതിനകം പല ഭാഗങ്ങളിലും കനത്ത മഴയും കാറ്റും വലിയ തിരമാലകളുമുണ്ടായി. ഇതോടെ വൈദ്യുതി മുടങ്ങുന്ന സാഹചര്യമുണ്ടായി.

ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരത്തെ സംബന്ധിച്ച് ഏകദേശം 50 വർഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു ചുഴലിക്കാറ്റ് ആഞ്ഞുവീശാനൊരുങ്ങുന്നത്. സാധാരണയായി ഓസ്‌ട്രേലിയയുടെ വടക്കൻ പ്രദേശങ്ങളെയാണ് ചുഴലിക്കാറ്റുകൾ ബാധിക്കുന്നത്. ഗോൾഡ് കോസ്റ്റ് മേഖലയിൽ അവസാനമായി ചുഴലിക്കാറ്റ് ആഞ്ഞടിച്ചത് 1974 ലാണ്. ഉഷ്ണമേഖലാ കൊടുങ്കാറ്റുകളെ നേരിട്ട് പരിചമില്ലാത്ത സ്ഥലമാണ് എന്നതിനാൽ എത്രത്തോളം നാശനഷ്ടമുണ്ടാകുമെന്ന് ഇപ്പോൾ വ്യക്തമല്ല. കാറ്റഗറി രണ്ട് വിഭാഗത്തിലെ ചുഴലിക്കാറ്റാണ് ആൽഫ്രഡ്.

ആൽഫ്രഡ് ചുഴലിക്കാറ്റ് ക്വീൻസ്‌ലാൻഡിന്‍റെ തെക്കുകിഴക്കൻ തീരത്തേക്ക് നീങ്ങുന്നുവെന്നാണ് ഓസ്‌ട്രേലിയൻ കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനിടയുണ്ടെന്നാണ് മുന്നറിപ്പ്. ക്വീൻസ്‌ലാൻഡിലെ ഡബിൾ ഐലൻഡ് പോയിന്‍റ് മുതൽ ന്യൂ സൗത്ത് വെയിൽസിലെ ഗ്രാഫ്റ്റൺ വരെ ബ്രിസ്‌ബേൻ, ഗോൾഡ് കോസ്റ്റ്, സൺഷൈൻ കോസ്റ്റ്, ബൈറൺ ബേ, ബല്ലിന എന്നീ സ്ഥലങ്ങളെ ചുഴലിക്കാറ്റ് ബാധിക്കാനിടയുണ്ട്.

ഓസ്ട്രേലിയയിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരമാണ് ബ്രിസ്ബേൻ, തെക്കൻ പ്രദേശത്താണ് കൂടുതൽ ജനസാന്ദ്രതയുള്ളത്. അതായത് ഏകദേശം 40 ലക്ഷം ആളുകൾ ആൽഫ്രഡ് ചുഴലിക്കാറ്റിന്‍റെ സഞ്ചാരവഴിയിലുണ്ട്. ആൽഫ്രഡ് ചുഴലിക്കാറ്റ് കാറ്റഗറി 3 കൊടുങ്കാറ്റായി മാറിയേക്കാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. 600 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ വെള്ളപ്പൊക്ക സാധ്യതയും കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button