അന്തർദേശീയം

ഹാൻഡ് ബാഗേജിൽ സൂക്ഷിക്കാൻ പാടില്ലാത്ത സാധനങ്ങളുടെ പട്ടിക പുറത്തിറക്കി യുഎഇ വിമാനത്താവള അധികൃതർ

ദുബൈ : യു എ ഇയിലേക്ക് യാത്ര ചെയ്യുന്നവർ ഹാൻഡ് ബാഗേജിൽ സൂക്ഷിക്കാൻ പാടില്ലാത്ത സാധനങ്ങളുടെ പട്ടിക പുറത്തിറക്കി. എമിറേറ്റ്സ് എയർ ലൈൻ പവർ ബാങ്ക് നിരോധിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. ദുബൈ, ഷാർജ എന്നീ വിമാനത്താവളത്തിലെ അധികൃതർ ആണ് പട്ടിക പുറത്തിറക്കിയത്.

ദുബൈ വിമാനത്താവളം

ചുറ്റിക, ആണി, സ്ക്രൂഡ്രൈവർസ്, മൂർച്ചയുള്ള ആയുധങ്ങൾ, കത്രിക, ഗ്രൂമിങ് കിറ്റ്, കൈവിലങ്ങ്, തോക്ക്, ഫ്ലെയർ ഗൺ ബുള്ളറ്റുകൾ, വാക്കി ടോക്കി, ലൈറ്റർ (ഒരെണ്ണത്തിൽ കൂടുതൽ), ബാറ്റുകൾ, കയറുകൾ, അളക്കാനുള്ള ടേപ്പ്, പാക്കിങ് ടേപ്പ്, വ്യക്തിഗത യാത്രാ ഉപയോഗത്തിന് ഒഴികെയുള്ള ഇലക്‌ട്രിക്കൽ കേബിളുകൾ എന്നിവ കൊണ്ട് പോകാൻ സാധിക്കില്ല. അത്യാവശ്യം അല്ലെങ്കിൽ ദ്രാവകങ്ങൾ കൊണ്ടുപോകരുത്.

മരുന്നുകൾ കൊണ്ടുപോകുന്നുവെങ്കിൽ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഉണ്ടായിരിക്കണം. ശരീരത്തിൽ മെറ്റൽ മെഡിക്കൽ ഉപകരണമുണ്ടെങ്കിൽ ഡോക്ടറുടെ സർട്ടിഫിക്കറ്റ് സമർപ്പിക്കണം എന്നും ദുബൈ അധികൃതർ പുറത്തിറക്കിയ പട്ടികയിൽ പറയുന്നു.

ഷാർജ വിമാനത്താവളം

ലാത്തി, ബേസ്‌ബോൾ ബാറ്റ്, ഗ്യാസ് ലൈറ്ററുകൾ, കാത്സ്യം കാർബൈഡ്, തീപ്പെട്ടിയും സൾഫറും പോലുള്ള കത്തുന്ന ഖരവസ്തുക്കൾ, രാസ-ജൈവ ഘടകങ്ങളടങ്ങിയ വസ്തുക്കൾ, ലഹരിപാനീയങ്ങൾ, തോക്ക്, ബുള്ളറ്റ്, ആയോധനകലാ ഉപകരണങ്ങൾ, സോഡിയം ക്ലോറേറ്റ്,അമോണിയം നൈട്രേറ്റ് വളം, അഗ്നിശമന ഉപകരണങ്ങൾ, കംപ്രസ് ചെയ്ത ഓക്സിജൻ, റേഡിയോ ആക്ടീവ് വസ്തുക്കൾ, കാർബൺ മോണോക്സൈഡ്, അമോണിയ ലായനി ബാക്ടീരിയ, വൈറസുകൾ, മെഡിക്കൽ മാലിന്യം പോലുള്ളവ, പടക്കംപോലുള്ള സ്ഫോടകവസ്തുക്കൾ, കണ്ണീർവാതകത്തിന് സമാനമായ രാസവസ്തുക്കൾ തുടങ്ങിയവ നിരോധിച്ചിട്ടുണ്ട്.

ഇതിന് പുറമെ ടോയ്‌ലറ്ററീസ്, പാനീയങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, ശീതീകരിച്ച ദ്രാവകങ്ങൾ എന്നിവയെല്ലാം പരമാവധി 100 മില്ലിവരെ കൊണ്ട് പോകാം. തുറന്നാൽ വീണ്ടും അടക്കാൻ കഴിയുന്ന തരത്തിലുള്ള കുപ്പികളിൽ ആകണം ഈ ദ്രാവകങ്ങൾ കൊണ്ട് പോകേണ്ടത്.

ഇവ പ്ലാസ്റ്റിക് ബാഗിലാക്കി (20 സെ.മീ x 20 സെ.മീ) എക്സ്‌റേ സ്‌ക്രീനിങ് പോയിന്റിലെ ജീവനക്കാർക്കു മുന്നിൽ പരിശോധനയ്ക്കായി നൽകണം. ബേബി ഫുഡ്, മരുന്നുകൾ തുടങ്ങിയ ഇനങ്ങൾ പ്രത്യേകം കൊണ്ടുപോകണമെന്നും മരുന്നുകൾക്ക് ഡോക്ടറുടെ കുറിപ്പടി ഉണ്ടായിരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button