കരീബിയൻ കടലിൽ ലഹരിക്കടത്തുകാരെ ലക്ഷ്യമിട്ട് യുഎസ് ആക്രമണം; 3 മരണം

വാഷിങ്ടൺ ഡിസി : കരീബിയൻ കടലിൽ ആക്രമണം നടത്തി യുഎസ് സൈന്യം. വെനസ്വേലയുടെ അടുത്തായി നടന്ന ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ലഹരിമരുന്ന് കടത്തുകാരെയാണ് ആക്രമിച്ചതെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. യുഎസ് ഭീകരസംഘടനയായി പ്രഖ്യാപിച്ച ഒരു വിഭാഗമാണ് കപ്പലിലുണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഏത് സംഘത്തെയാണ് ലക്ഷ്യമിട്ടതെന്ന് വെളിപ്പെടുത്തിയിട്ടില്ല.
സെപ്റ്റംബർ ആദ്യം മുതൽ കരീബിയൻ തീരത്ത് യുഎസ് സൈന്യം നടത്തുന്ന പതിനഞ്ചാമത്തെ ആക്രമണമാണിത്. ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ആക്രമണമെന്ന് സൈന്യം പറഞ്ഞു. ഇതുവരെയുള്ള ആക്രമണങ്ങളിൽ യുഎസ് സൈന്യം 64 പേരെയെങ്കിലും കൊലപ്പെടുത്തിയിട്ടുണ്ട്. യുഎസിലേക്കുള്ള ലഹരിമരുന്നിന്റെ ഒഴുക്ക് തടയാനാണ് ആക്രമണമെന്നാണ് യുഎസ് ഭരണകൂടം പറയുന്നത്. വലിയ സൈനിക വിന്യാസമാണ് മേഖലയിൽ യുഎസ് നടത്തിയിരിക്കുന്നത്.
വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ സൈനിക നടപടികളെയും യുഎസ് സൈനിക വിന്യാസത്തെയും വിമർശിച്ചിരുന്നു. തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ യുഎസ് ഭരണകൂടം നടത്തുന്ന ശ്രമമാണിതെന്ന് അദ്ദേഹം ആരോപിച്ചു.
വെനസ്വേല തീരത്ത് യുഎസ് കഴിഞ്ഞ മാസം ബി–1 ബോംബറുകൾ പറത്തിയിരുന്നു. യുഎസ് വ്യോമസേനയിൽ ഏറ്റവും കൂടുതൽ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള വിമാനമാണ് ബി–1. ബി–52 ബോംബറുകളും വെനസ്വേലയുടെ തീരത്ത് പരിശീലന പറക്കൽ നടത്തിയിരുന്നു. എഫ് 35 ബി വിമാനങ്ങളും പരിശീലനത്തിൽ പങ്കെടുത്തു. 8 യുദ്ധക്കപ്പലുകളും പി–8 പട്രോൾ വിമാനങ്ങളും എംക്യു–9 ഡ്രോണുകളും എഫ് 35 വിമാനങ്ങളും കരീബിയൻ കടലിൽ നിരീക്ഷണം നടത്തുന്നുണ്ട്.



