യമനിൽ യുഎസിന്റെ വ്യോമാക്രമണം; 38 പേർ കൊല്ലപ്പെട്ടു

ഗസ്സ സിറ്റി : യമനിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ 38 പേർ കൊല്ലപ്പെട്ടു. യമനിലെ റാസ് ഇസ എണ്ണ തുറമുഖത്തായിരുന്നു ആക്രമണം. യുഎസ് സൈന്യം രാജ്യത്ത് നടത്തിയ ഏറ്റവും മാരകമായ ആക്രമണങ്ങളിൽ ഒന്നാണ് നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ 102 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഹൂതികളുടെ ഇന്ധനസ്രോതസ്സ് തകർക്കാനാണ് ആക്രമണമെന്നാണ് അമേരിക്കയുടെ വിശദീകരണം. “സഹ പൗരന്മാരെ ചൂഷണം ചെയ്യുകയും വേദനിപ്പിക്കുകയും ചെയ്യുന്ന ഹൂതികളുടെ സാമ്പത്തിക സ്രോതസ്സിനെ ഇല്ലാതാക്കുക എന്നതായിരുന്നു ഈ ആക്രമണങ്ങളുടെ ലക്ഷ്യം,” യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
യെമനിലെ വളരെ സുപ്രധാനമായ ഒരു എണ്ണ പൈപ്പ്‌ലൈനും തുറമുഖവും റാസ് ഇസയിലുണ്ട്. കൂടാതെ യെമന്റെ ഇറക്കുമതിയുടെ ഏകദേശം 70 ശതമാനവും മാനുഷിക സഹായത്തിന്റെ 80 ശതമാനവും റാസ് ഇസ, ഹൊദൈദ, അസ്-സാലിഫ് തുറമുഖങ്ങൾ വഴിയാണ് കടന്നുപോകുന്നത്.
ചെങ്കടലിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കുന്നത് വരെ ആക്രമണം തുടരുമെന്ന് യുഎസ് ഹൂതികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2023 നവംബർ മുതൽ ഇസ്രയേലുമായി ബന്ധമുള്ള നൂറിലധികം കപ്പലുകൾക്ക് നേരെ ഹൂതികൾ ആക്രമണം നടത്തിയിട്ടുണ്ട്.
അതേസമയം, ഗസ്സയിലെ ഇസ്രായേൽ ആക്രമങ്ങൾ ശക്തമായി തുടരുകയാണ്. വ്യാഴാഴ്ച ഗാസയിലുടനീളം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 32 പേർ കൊല്ലപ്പെട്ടതായി ഗസ്സയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെ ഖാൻ യൂനിസിൽ ഒരു വീടിന് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ 13 പേരടങ്ങുന്ന ഒരു കുടുംബം കൊല്ലപ്പെട്ടു.