ഗോത്രസംഘർഷം : വെടിനിർത്തൽ പ്രഖ്യാപിച്ച് സിറിയൻ സേന

ദമാസ്കസ് : ഗോത്രസംഘർഷം രൂക്ഷമായ ദക്ഷിണ സിറിയയിലെ സുവൈദ പ്രവിശ്യയിൽ പ്രതിരോധമന്ത്രി മർഹഫ് അബു ഖസറ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഡ്രൂസ് ഗോത്രനേതാക്കളുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണു തീരുമാനം. ഡ്രൂസ് സായുധവിഭാഗങ്ങൾ ആയുധം വച്ചുകീഴടങ്ങുമെന്നും നേതാക്കൾ വ്യക്തമാക്കി. സംഘർഷത്തിൽ കഴിഞ്ഞദിവസം 14 സിറിയൻ സൈനികര്‍ ഉൾപ്പെടെ 90 പേരാണു കൊല്ലപ്പെട്ടത്. ഡ്രൂസുകൾക്കു ഇസ്രയേൽ പിന്തുണയും പ്രഖ്യാപിച്ചിരുന്നു.
ഡ്രൂസുകൾക്കെതിരെ സുന്നികളായ ബിദൂൻ ഗോത്രവിഭാഗങ്ങൾക്കൊപ്പം സിറിയൻ സേന ചേർന്നതോടെയാണ് ഇസ്രയേൽ പിന്തുണ നൽകിയത്. ഡ്രൂസുകളെ അമർച്ച ചെയ്യാനായി സുവൈദ പ്രവിശ്യയിലേക്ക് നീങ്ങിയ സിറിയൻ സൈനിക ടാങ്കുകൾക്കുനേരെ ഇസ്രയേൽ സൈന്യം തിങ്കളാഴ്ച വ്യോമാക്രമണം നടത്തി. സൈന്യം സുവൈദയിൽ പ്രവേശിച്ചതിനു പിന്നാലെയാണു വെടിനിർത്തൽ പ്രഖ്യാപനം. എന്നാൽ, ചില ഡ്രൂസ് വിഭാഗങ്ങൾ സൈന്യത്തിനെതിരെ ആക്രമണം തുടരുന്നുവെന്നു റിപ്പോർട്ടുണ്ട്. ഇസ്മായിലി ഷിയാ വിഭാഗമായ ഡ്രൂസുകൾ സിറിയയ്ക്കുപുറമേ ലബനനിലും ഇസ്രയേൽ അധിനിവേശ ഗോലാൻ കുന്നുകളിലും നിലകൊള്ളുന്നുണ്ട്. ഇസ്രയേൽ സായുധസേനയിലും ഇവർ സേവനമനുഷ്ഠിക്കുന്നുണ്ട്.