മാൾട്ടാ വാർത്തകൾ
മാലിന്യനീക്കം തടസ്സപ്പെട്ടു; ബല്ലൂട്ട ബേയിൽ നീന്തലിന് നിരോധനം

മാലിന്യനീക്കം തടസ്സപ്പെട്ടതിനെത്തുടർന്ന് ബല്ലൂട്ട ബേയിൽ നീന്തലിന് നിരോധനം. ബല്ലൂട്ട ബേയിലെ മലിനജല പൈപ്പ്‌ലൈനിൽ തടസ്സമുണ്ടായതിനെത്തുടർന്ന് പ്രദേശത്ത് നീന്തുന്നതിന് നിരോധനം ഏർപ്പെടുത്തിയതായി എൻവയോൺമെന്റൽ ഹെൽത്ത് ഡയറക്ടറേറ്റ് അറിയിച്ചു. മേയ് മാസത്തിന് ശേഷം ഇത്തരത്തിൽ അടച്ചുപൂട്ടുന്ന പതിനേഴാമത്തെ ബീച്ചാണിത്.
നിർമ്മാണ മാലിന്യങ്ങൾ നിയമവിരുദ്ധമായി നിക്ഷേപിച്ചതിനെത്തുടർന്ന് മലിനജല പൈപ്പിലുണ്ടായ തടസ്സമാണ് ഈ പ്രശ്നത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു. പ്രശ്നം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വാട്ടർ സർവീസസ് കോർപ്പറേഷന്റെ സഹായത്തോടെ തടസ്സം നീക്കം ചെയ്തു.
സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ബീച്ചിലെ ജലത്തിന്റെ ഗുണനിലവാരം പരിശോധിച്ച ശേഷം അത് നീന്താൻ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നത് വരെ മുൻകരുതൽ എന്ന നിലയിൽ ഈ നിരോധനം തുടരും.



