യമനിൽ അമേരിക്കൻ വ്യോമാക്രമണം; മൂന്നുപേർ കൊല്ലപ്പെട്ടു

സൻആ : യമനിൽ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള തെക്കൻ സൻആയിലുണ്ടായ വ്യോമാക്രമണങ്ങളിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ആക്രമണങ്ങൾക്ക് പിന്നിൽ അമേരിക്കയെന്ന് ഹൂതികൾ ആരോപിച്ചു. സൻആയിലും ചെങ്കടലിലെ കമറാൻ ദ്വീപിലുമാണ് വ്യോമാക്രമണമുണ്ടായത്. ഹൂതികൾ വെടിവെച്ചിട്ടതായി പറയപ്പെടുന്ന യു.എസ് ഡ്രോണിന്റെ അവശിഷ്ടങ്ങൾ അടങ്ങുന്ന ദൃശ്യങ്ങളും പുറത്തു വിട്ടിട്ടുണ്ട്. അതേസമയം, ചൊവ്വാഴ്ച നടന്ന മുൻ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി ഉയർന്നു.
ഹൊദൈദയിലെ അൽ-ഹവാക്ക് ജില്ലയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര കപ്പലുകളിൽ ആക്രമണം നടത്താൻ ഹൂതികൾ മുമ്പ് ഉപയോഗിച്ചിരുന്ന ഹൊദൈദ വിമാനത്താവളം ഈ പ്രദേശത്താണ്.
ഹൂതികളെ പിന്തുണക്കുന്ന ആരെയും വെറുതെവിടില്ലെന്ന് കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് മുന്നറിയിപ്പ് നൽകിയിരുന്നു. ഡോണൾഡ് ട്രംപ് അധികാരത്തിൽ വന്നതിനു ശേഷം ഹൂതികൾക്കെതിരായ ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്. ഗസ്സയിൽ ഇസ്രായേൽ ഏർപ്പെടുത്തിയ ഉപരോധത്തിൽ പ്രതിഷേധിച്ച് ഇസ്രായേലി കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഹൂതികൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണിത്.