യുഎസ് ബ്രൗൺ യൂണിവേഴ്‌സിറ്റി വെടിവെയ്പിലെ പ്രതി ആത്മഹത്യ ചെയ്ത നിലയിൽ

വാഷിങ്ടണ്‍ ഡിസി : അമേരിക്ക റോഡ് ഐലണ്ടിലെ ബ്രൗൺ യൂണിവേഴ്‌സിറ്റി വെടിവെയ്പിലെ പ്രതി ആത്മഹത്യ ചെയ്ത നിലയിൽ. ന്യൂഹാംപ്‌ഷെയറിലെ ഒരു സംഭരണകേന്ദ്രത്തിലാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. ബ്രൗൺ യൂണിവേഴ്‌സിറ്റി വെടിവെയ്പിന് രണ്ടു ദിവസങ്ങൾക്കുശേഷം എം ഐ ടി പ്രൊഫസറുടെ കൊലപാതകം നടത്തിയതും പ്രതിയാണെന്ന് പൊലീസ് പറയുന്നു. പോർച്ചുഗൽകാരനായ ക്ലോഡിയോ മാനുവൽ നെവസ് വാലന്റെയെ ആണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
2017ൽ അമേരിക്കൻ പൗരത്വം നേടിയ ക്ലോഡിയോ 25 വർഷം മുമ്പ് ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ ഫിസിക്‌സ് വിദ്യാർഥിയായിരുന്നു ഇയാൾ. കൊല്ലപ്പെട്ട എം ഐ ടി പ്രൊഫസറും പോർച്ചുഗൽകാരനും ഫിസിക്‌സ് പ്രൊഫസറുമായിരുന്നു.
ഇന്നലെ വൈകിട്ട് ന്യൂഹാംഷെയറിൽ പ്രതി ഉപയോഗിച്ചതായി കരുതുന്ന കാർ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് പരിശോധന ശക്തിപ്പെടുത്തിയിരുന്നു. അതിനിടെയാണ് ഇയാളെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച ബ്രൗൺ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ നടന്ന വെടിവെയ്പിൽ രണ്ടു പേർ കൊല്ലപ്പെടുകയും ഒമ്പതു പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.



