വിവാഹമോചിതയാകുന്ന മുസ്ളീം വനിതകൾക്കും ജീവനാംശത്തിന് അവകാശമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: വിവാഹമോചിതരായ മുസ്ളീം വനിതകൾക്കും ഭർത്താവിൽ നിന്ന് ജീവനാംശം തേടാമെന്ന നിർണായക വിധിയുമായി സുപ്രീം കോടതി. ക്രിമിനൽ നടപടിച്ചട്ടത്തിലെ 125ാം വകുപ്പ് പ്രകാരമാണ് വിധി. ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരുടേതാണ് ഉത്തരവ്. വിവാഹമോചിതയായ ഭാര്യയ്ക്ക് ജീവനാംശം നൽകാനുള്ള ക്രിമിനൽച്ചട്ടപ്രകാരമുള്ള നിർദേശത്തെ ചോദ്യം ചെയ്ത് മുസ്ളീം യുവാവ് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതി വിധി.
125ാം വകുപ്പ് വിവാഹിതരായ സ്ത്രീകൾക്ക് മാത്രമല്ല, എല്ലാ ഇന്ത്യൻ സ്ത്രീകൾക്കും ബാധകമാണെന്ന് വിധി പുറപ്പെടുവിച്ചുകൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി. ജീവനാംശം തേടുന്നതിനുള്ള നിയമം മതാടിസ്ഥാനത്തിൽ അല്ലെന്നും വിവാഹിതരായ എല്ലാ സ്ത്രീകൾക്കും ബാധകമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ജീവനാംശം ചാരിറ്റിയല്ല, മറിച്ച് വിവാഹിതരായ എല്ലാ സ്ത്രീകളുടെയും അവകാശമാണ്. ‘ഗൃഹനാഥയായ ഭാര്യ വൈകാരികമായും മറ്റ് ഘടകങ്ങളിലും തങ്ങളെ ആശ്രയിക്കുന്നു എന്ന വസ്തുതയെക്കുറിച്ച് ചില ഭർത്താക്കന്മാർ ഇപ്പോഴും ബോധവാന്മാരല്ല. ഒരു വീട്ടമ്മയുടെ പങ്കും ത്യാഗവും ഇന്ത്യൻ പുരുഷന്മാർ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’- വിധി പ്രസ്താവത്തിന് പിന്നാലെ ജസ്റ്റിസ് നാഗരത്ന പറഞ്ഞു.