മസ്ജിദ് കേസുകളിൽ സർവേ വിലക്കി സുപ്രിംകോടതി; പുതിയ ഹരജികൾ തടഞ്ഞു
ന്യൂഡൽഹി : ആരാധനാലയങ്ങൾക്കുമേലുള്ള അവകാശവാദങ്ങൾക്ക് തടയിട്ട് സുപ്രിംകോടതി. മസ്ജിദുകളിലെ സർവേ നടപടികൾ കോടതി വിലക്കി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ആരാധനാലയ നിയമവും മസ്ജിദ് സർവേകളുമായി ബന്ധപ്പെട്ട് നാല് ആഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചു.
ഗ്യാൻവാപി, മഥുര ശാഹി ഈദ്ഗാഹ് മസ്ജിദ്, സംഭൽ മസ്ജിദ് കേസുകളിൽ ഇനിയൊരു ഉത്തരവ് പുറപ്പെടുവിപ്പിക്കരുതെന്നും കോടതി വ്യക്തമാക്കി. ഇടക്കാല ഉത്തരവും പാടില്ലെന്ന് അറിയിച്ചിട്ടുണ്ട്. പത്ത് ആരാധനാലയങ്ങളിൽ അവകാശവാദം ഉന്നയിച്ച് നിലവിൽ 18 ഹരജികൾ വിവിധ കോടതികൾക്കു മുൻപാകെയുണ്ട്. ഇനിയും ഹരജികൾ അനുവദിക്കില്ലെന്നാണ് കോടതി അറിയിച്ചത്. നിലവിൽ കോടതികളിലുള്ള കേസുകളിലും തുടർനടപടി തടഞ്ഞിരിക്കുകയാണ്.
ചരിത്രകാരി റൊമീല ഥാപ്പർ, മുസ്ലിം ലീഗ്, സിപിഐഎമ്മിനു വേണ്ടി പ്രകാശ് കാരാട്ട്, സമസ്ത ഉൾപ്പെടെയുള്ള സംഘടനകൾ ആരാധനാലയ നിയമവുമായി ബന്ധപ്പെട്ടു സമർപ്പിച്ച ഹരജികൾ പരിഗണിക്കാൻ വേണ്ടി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം കേന്ദ്രത്തിന്റെ നിലപാട് അറിയാൻ നാല് ആഴ്ച നൽകിയിട്ടുണ്ട്. കേന്ദ്രത്തോട് രേഖാമൂലം മറുപടി നൽകാൻ നിർദേശിച്ചിരിക്കുകയാണ്.