ദേശീയം

കൊലപാതകമാണെന്നു വ്യക്തമായിട്ടും ആശുപത്രി അധികൃതരും പൊലീസും എന്തു ചെയ്യുകയായിരുന്നു? കടുത്ത വിമർശനവുമായി സുപ്രീംകോടതി

ന്യൂഡൽഹി: കൊൽക്കത്തയിൽ യുവ വനിതാ ഡോക്ടറുടെ പീഡനക്കൊലയിൽ ബംഗാൾ പൊലീസിനെതിരെ വിമർശനവുമായി സുപ്രീംകോടതി. കൊലപാതകമാണെന്നു വ്യക്തമായിട്ടും ആശുപത്രി അധികൃതരും പൊലീസും എന്തു ചെയ്യുകയായിരുന്നുവെന്ന് സുപ്രീംകോടതി ചോദിച്ചു. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കായി ദേശീയ പ്രോട്ടോക്കോൾ വേണം. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾക്കായി ദേശീയ ദൗത്യസേന രൂപീകരിച്ചതായും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് അറിയിച്ചു. സംഭവത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി.

”യുവതിയുടെ മൃതദേഹം സംസ്‌കാരത്തിനു കൈമാറി മൂന്നു മണിക്കൂറും കഴിഞ്ഞാണ് സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. മെഡിക്കൽ കോളജിലെ പ്രിൻസിപ്പലും പൊലീസും അതുവരെ എന്തെടുക്കുകയായിരുന്നു? ഗുരുതരമായൊരു കുറ്റകൃത്യമാണു നടന്നത്. സംഭവം നടക്കുന്നത് ആശുപത്രിയിലും. ഈ സമയത്ത് ഇവരെല്ലാം എന്തു ചെയ്യുകയായിരുന്നു?”-കോടതി ചോദിച്ചു.ക്രിമിനലുകളെ ആശുപത്രിയിൽ കടക്കാൻ അനുവദിച്ചില്ലേ അധികൃതര്‍ ചെയ്തതെന്നും കോടതി കുറ്റപ്പെടുത്തി. കൊലപാതകമാണു നടന്നതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. എന്നാൽ, രാത്രി 11.45നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അതുവരെയും ആശുപത്രി അധികൃതർ എന്തെടുക്കുകയായിരുന്നു? അസ്വാഭാവിക മരണം രജിസ്റ്റര്‍ ചെയ്തതിനെ എഫ്.ഐ.ആർ എന്ന് അവകാശപ്പെടാനാകില്ലെന്നും കോടതി പറഞ്ഞു. ഇതുവരെ കേസന്വേഷണവുമായി ബന്ധപ്പെട്ട സ്ഥിതിവിവരണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വ്യാഴാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button