കേരളം

സപ്ലൈകോ ഓണച്ചന്ത ഉദ്ഘാടനം ഇന്ന്; സബ്‌സിഡി നിരക്കില്‍ 13 ഇനങ്ങള്‍; വന്‍ വിലക്കുറവ്

തിരുവനന്തപുരം : സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4.00 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം കിഴക്കേകോട്ടയിലെ ഇ.കെ.നായനാര്‍ പാര്‍ക്കില്‍ നിര്‍വ്വഹിക്കും. ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പുമന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന്‍, എം.എല്‍.എ.മാരായ ആന്റണി രാജു. കടകംപള്ളി സുരേന്ദ്രന്‍, വി.ജോയ്,വി.കെ.പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ പി.കെ.രാജു, പൊതു വിതരണ വകുപ്പ് സെക്രട്ടറിയും സപ്ലൈകോ ചെയര്‍മാനുമായ എം.ജി.രാജമാണിക്യം, പൊതുവിതരണ, ഉപഭോക്തൃകാര്യ കമ്മിഷണര്‍കെ.ഹിമ, സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ ഡോ.അശ്വതി ശ്രീനിവാസ്, നഗരസഭ കൗണ്‍സിലര്‍ സിമി ജ്യോതിഷ്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സപ്ലൈകോ സബ്‌സിഡി-നോണ്‍സബ്‌സിഡി ഉത്പന്നങ്ങള്‍ക്കു പുറമെ കൈത്തറി, കുടുംബശ്രീ, മില്‍മ ഉത്പന്നങ്ങളും പച്ചക്കറിയും പ്രത്യേക സ്റ്റാളുകളില്‍ ലഭ്യമാവും. കരകുളം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള കാസ്‌ക്കോ വില്ലേജില്‍ നിന്നും വിളവെടുത്ത ജൈവ പച്ചക്കറി ഉത്പന്നങ്ങളാണ് ചന്തയില്‍ ലഭ്യമാക്കുക.

ഓണത്തിനായി സപ്ലൈകോ രണ്ടര ലക്ഷത്തോളം ക്വിന്റല്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചിട്ടുണ്ട്. ഓണക്കാലത്ത് നിലവില്‍ നല്കിവരുന്ന 8 കിലോ സബ്‌സിഡി അരിയ്ക്കു പുറമെ കാര്‍ഡൊന്നിന് 20 കിലോ പച്ചരിയോ/പുഴുക്കലരിയോ 25 രൂപ നിരക്കില്‍ സ്‌പെഷ്യല്‍ അരിയായി ലഭ്യമാക്കും. സബ്‌സിഡി നിരക്കില്‍ നല്കുന്ന മുളകിന്റെ അളവ് അരക്കിലോയില്‍ നിന്നും ഒരു കിലോയായി വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മറ്റ് പ്രമുഖ റീട്ടെയില്‍ ചെയിനുകളോട് കിടപിടിക്കുന്ന ബ്രാന്‍ഡഡ് എഫ്.എം.സി.ജി. ഉല്പന്നങ്ങളുടെ ഒരു നിര തന്നെ ഇത്തവണ സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. 250 ല്‍ അധികം ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് ഓഫറുകളും വിലക്കുറവും നല്കുന്നുണ്ട്. സെപ്റ്റംബര്‍ 4 വരെയാണ് ജില്ലാ ഫെയറുകള്‍ സംഘടിപ്പിക്കുക. എല്ലാ നിയോജകമണ്ഡലങ്ങളിലും ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 4 വരെ ഒരു പ്രധാന ഔട്ട് ലെറ്റിനോട് അനുബന്ധിച്ച് ഫെയറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ സഞ്ചരിക്കുന്ന ഓണച്ചന്തകളും ഒരുക്കിയിട്ടുണ്ട്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം സഞ്ചരിക്കുന്ന ഓണച്ചന്തകള്‍ മുഖേന മിതമായ നിരക്കില്‍ നിത്യോപയോഗസാധനങ്ങള്‍ കൂടാതെ സബ്‌സിഡി ഉല്പന്നങ്ങളും ലഭിക്കും.

ജൂലൈ മാസത്തില്‍ 168 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈകോയ്ക്ക് ഉണ്ടായത്. 60 കോടി രൂപയുടെ സബ്‌സിഡി ഉല്പന്നങ്ങളാണ് കഴിഞ്ഞ മാസം സപ്ലൈകോ വഴി പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തത്. 32 ലക്ഷത്തോളം ഉപഭോക്താക്കള്‍ കഴിഞ്ഞ മാസം സപ്ലൈകോ വില്പനശാലകളെ ആശ്രയിച്ചിരുന്നു. ഓണത്തിരക്ക് ആരംഭിച്ച ഈ മാസം ആഗസ്റ്റ് 23 വരെയുള്ള വിറ്റുവരവ് 190 കോടി രൂപയാണ്. ആഗസ്റ്റ് 11 മുതല്‍ എല്ലാ പ്രവൃത്തിദിവസങ്ങളിലും പ്രതിദിന വിറ്റുവരവ് 10 കോടിയ്ക്ക് മുകളിലാണ്. ആഗസ്റ്റ് 23 വരെ 30 ലക്ഷത്തോളം ഉപഭോക്താക്കള്‍ സപ്ലൈകോ വില്പനശാലകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അഗസ്റ്റ് മാസത്തില്‍ 50 ലക്ഷം ഉപഭോക്താക്കളേയും, 300 കോടിയുടെ വിറ്റുവരവുമാണ് പ്രതീക്ഷിക്കുന്നത്. ഓണം പ്രമാണിച്ച് ഉപഭോക്താക്കള്‍ക്ക് സെപ്റ്റംബര്‍ മാസത്തെ സബ്‌സിഡി സാധനങ്ങള്‍ മുന്‍കൂറായി ആഗസ്റ്റ് 25 മുതല്‍ വാങ്ങുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button