ഡിവൈഎഫ്ഐയുടെ പോര്‍ക്ക് ചലഞ്ചിനെതിരെ നാസര്‍ ഫൈസി, പോസ്റ്റിന് താഴെ കമന്റ് പ്രളയം
കോഴിക്കോട്: ഡി.വൈ.എഫ്.ഐയുടെ പോര്‍ക്ക് ചലഞ്ചിനെതിരെ വിമര്‍ശനവുമായി എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി. ‘ചലഞ്ചില്‍ ഒളിച്ച് കടത്തുന്ന മതനിന്ദ’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് വയനാടിന് സാമ്പത്തിക സഹായം നല്‍കാനുള്ള ഡി.വൈ.എഫ്.ഐയുടെ പോര്‍ക്ക് ചലഞ്ചിനെതിരെ നാസര്‍ ഫൈസി രംഗത്തെത്തിയത്. ഡി.വൈ.എഫ്.ഐ കോതമംഗംലം കമ്മിറ്റി ആഗസ്റ്റ് 18നാണ് പോര്‍ക്ക് ഫെസ്റ്റിവല്‍ നടത്തുന്നത്. വയനാട് ഒറ്റപ്പെടുകയല്ല, സ്‌നേഹത്താല്‍ ചുറ്റപ്പെടുകയാണെന്നും ഇറച്ചിയില്‍ നിന്ന് ലഭിക്കുന്ന പണം വയനാടിന് നല്‍കുമെന്നും ഡി.വൈ.എഫ്.ഐ പോര്‍ക്ക് ചലഞ്ച് പോസ്റ്ററില്‍ പറയുന്നുണ്ട്.
മതനിരപേക്ഷതയെ സങ്കര സംസ്‌കാരമാക്കുന്ന ചെഗുവേരിസമാണ് ഡി.വൈ.എഫ്.ഐ പോര്‍ക്ക് ചലഞ്ചിലൂടെ നടത്തുന്നതെന്നാണ് നാസര്‍ ഫൈസിയുടെ വിമര്‍ശനം.വയനാട്ടിലെ ദുരിതത്തില്‍പ്പെട്ടവര്‍ അധികവും പന്നി ഇറച്ചി നിഷിദ്ധമായി കരുതിയവരാണ്. അറിഞ്ഞുകൊണ്ട് ഡി.വൈ.എഫ്.ഐ കോതമംഗലം കമ്മിറ്റി അത് ചലഞ്ചാക്കി ഫണ്ടുണ്ടാക്കി നല്‍കുകയാണ്. അനുവദനീയമായ ഭക്ഷ്യം പലതും ചലഞ്ചാക്കാമായിരുന്നിട്ടും ദുരിതരില്‍ വലിയൊരു വിഭാഗത്തിന് നിഷിദ്ധ ഭക്ഷ്യത്തിന്റെ വരുമാനമുണ്ടാക്കി ദുരിത നിവാരണം നടത്തുന്നത് സാമാന്യമായി പറഞ്ഞാല്‍ അവഹേളനമാണെന്നും അധിക്ഷേപവും നിന്ദയുമാണെന്നുമാണ് നാസര്‍ ഫൈസി പറയുന്നത്. വയനാട്ടുകാരെ ഭക്ഷിപ്പിക്കുന്നില്ലെന്ന ‘ ന്യായം ‘ അത് കൊണ്ട് കിട്ടുന്ന വരവ് വയനാട്ടുകാരെ അവഹേളിക്കലാണെന്ന് ധരിക്കുന്നതിനുള്ള മറുപടിയാവില്ലെന്നും നാസര്‍ ഫൈസി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു.
അതേസമയം പോസ്റ്റിനെതിരെ കടുത്ത വിമര്‍ശനമാണ് കമന്റുകളില്‍ ഉയരുന്നത്. ഇസ്‌ലാം മതത്തില്‍ പന്നിയേക്കാള്‍ നിഷിദ്ധമാക്കപ്പെട്ടതാണ് പലിശയെന്നും പലിശയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഇസ്‌ലാം മത വിശ്വാസത്തെ സംബന്ധിച്ചിടത്തോളം വലിയ പാപം തന്നെയാണെന്നും എന്നുവെച്ച് പലിശയുമായി ബന്ധപ്പെട്ട പണം ഇത്തരം ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സ്വീകരിക്കാതിരിക്കാറുണ്ടോയെന്നാണ് ചിലര്‍ കമന്റുകളിലൂടെ ചോദിക്കുന്നത്.
താങ്കളുടെ ഈ ഒരു വാദം അടങ്ങാത്ത ഇസ്‌ലാമിക പ്രേമത്തിന്റെ പുറത്താണെങ്കില്‍ ഏറ്റവും കുറഞ്ഞത് മുസ്‌ലിം ലീഗ് നടത്തുന്ന സാമ്പത്തിക സമാഹരണങ്ങളില്‍ ഇസ്‌ലാമിക വിരുദ്ധമായ പണം അയക്കരുതെന്ന് പറയാന്‍ ലീഗ് തയ്യാറാവാറുണ്ടോ? ഇസ്‌ലാം വിരുദ്ധത കച്ചവടം ചെയ്തും, നിരപരാധികളുടെ രക്തം ഊറ്റിക്കുടിച്ചും തടിച്ചു കൊഴുത്ത മറുനാടന്റെ ഒരു ലക്ഷം ദുരിതാശ്വാസ ഫണ്ടിലേക്ക് സ്വീകരിച്ചവരാണ് ലീഗുകാര്‍.
പന്നിയിറച്ചി വില്‍ക്കുന്നവനും പലിശ നടത്തുന്നവനും സഹായിക്കാന്‍ തോന്നിയാല്‍ ഇതൊക്കെയല്ലേ മാര്‍ഗ്ഗമുള്ളൂ’ എന്നായിരുന്നു മറ്റൊരു കമന്റ്.
‘മദ്യവില്പനയില്‍ നിന്നും ലോട്ടറി വില്പനയില്‍ നിന്നുമടക്കം (കുറഞ്ഞ ശതമാനമാണെങ്കിലും) ലഭിക്കുന്ന വരുമാനം കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും സാമൂഹ്യ ക്ഷേമ പെന്‍ഷനും മറ്റു ആനൂകൂല്യങ്ങളുമടക്കം എല്ലാ വികസന പദ്ധതികളും നടത്തിവരുന്നത്. അത് മുസ്‌ലീങ്ങള്‍ക്ക് സ്വീകരിക്കാമോ? സ്വീകരിക്കില്ല എന്ന് ലീഗുകാരെ കൊണ്ടെങ്കിലും തീരുമാനമെടുപ്പിക്കാമോ? ഇങ്ങനെയായിരുന്നു മറ്റൊരു പ്രതികരണം.
‘മുസ്‌ലിങ്ങളെ മാത്രം സഹായിക്കാന്‍ ആണോ അവര്‍ ഇത് നടത്തുന്നത്.? ഇത് ഒരു പൊതു പ്രശ്‌നം ആയി നില നില്‍ക്കണം. പിന്നെ ലോട്ടറി, മദ്യം ഒക്കെ അല്ലേ നമ്മുടെ സര്‍ക്കാരിന്റെ പ്രാധാന വരുമാന മാര്‍ഗ്ഗം. അതില്‍ നിന്നും ശമ്പളം, മറ്റ് പെന്‍ഷന്‍ അടങ്ങുന്ന ആനുകൂല്യങ്ങള്‍ ഒക്കെ നമ്മള്‍ വാങ്ങുന്നില്ലേ. പറയാന്‍ നിന്നാല്‍ എല്ലാം പറയേണ്ടി വരും. ചിലത് അവഗണിക്കുന്നത് ആണ് നല്ലത്’
നാസര്‍ ഫൈസി, താങ്കള്‍ ഒരു സമാന്തര രാജ്യമുണ്ടാക്കി ജീവിക്കൂ. പന്നിയിറച്ചി മുസ്‌ലീങ്ങള്‍ക്കാണ് വിലക്കിയിട്ടുള്ളത്. ഇസ്‌ലാം അത് ലോകത്ത് നിരോധിച്ചിട്ടില്ല. സംഘികളുടെ പതിപ്പുമായി കൂടത്തായി കലാപത്തിനിറങ്ങിയിട്ടുണ്ട് സൂക്ഷിക്കുക, എന്നായിരുന്നു മറ്റൊരു കമന്റ്.
‘പന്നി ഇറച്ചി മുസ്‌ലീങ്ങള്‍ക്ക് ഹറാമാണ്, സമ്മതിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പലിശ വാങ്ങുന്ന സഹകരണ ബാങ്കുകളില്‍ തക്ബീര്‍ വിളികളോട് കൂടി ഭരണത്തില്‍ കയറിയ ഒരുപാട് മുസ്‌ലിം ലീഗുകാരുണ്ട്. അവരെ കുറിച്ച് കൂടത്തായിക്ക് വല്ലതും പറയാനുണ്ടോ’ എന്നായിരുന്നു കമന്റില്‍ വന്ന മറ്റൊരു ചോദ്യം.
ബഹുസ്വരത നിലനില്‍ക്കുന്ന രാജ്യത്ത് ഇത് എല്ലാം ഉണ്ടാവും. ദയവുചെയ്ത് അറിയാതെ പോലും ഫൈസി ഇത് രണ്ടും ഉപയോഗിക്കരുത് അങ്ങനെ വരുമ്പോള്‍ മാത്രമാണ് ഇതൊരു പ്രശ്‌നമാകുന്നത്. അതുകൊണ്ട് ബീഫ് കഴിക്കുന്നവര്‍ ബീഫ് ഉണ്ടാകട്ടെ, പന്നിയിറച്ചി കഴിക്കുന്നവര്‍ അത് കഴിക്കട്ടെ, കള്ള് വില്‍ക്കുന്നവര്‍ അത് വില്‍ക്കട്ടെ, പലിശ ഏര്‍പ്പാട് നടത്തുന്നവര്‍ അതു നടത്തട്ടെ. അല്ലെങ്കില്‍ ഫൈസി ആദ്യം സ്വന്തം മതത്തിലെ സഹോദരങ്ങളോട് പലിശയില്‍ നിന്ന് വേറിട്ടുനില്‍ക്കാന്‍ ഉപദേശിക്കൂ,
ചിലയിടത്ത് മീന്‍ വിറ്റു, ബിരിയാണി വിറ്റു, പച്ചക്കറി വിറ്റു, പഴയ പ്ലാസ്റ്റിക് പെറുക്കി വിറ്റ് പരമാവധി ഫണ്ട് കണ്ടെത്തുന്നു. അങ്കമാലി കോതമംഗലം ഭാഗത്ത് പോര്‍ക്ക് വളരെ പ്രധാനപ്പെട്ട വിഭവമാണ്, അവര്‍ പോര്‍ക്ക് വിറ്റ് ഫണ്ട് കണ്ടെത്തി ദുരിതശ്വാസ നിധിയിലേക്ക് പൈസ നല്‍കുന്നു. ആരെയെങ്കിലും ഇതൊന്നും നിര്‍ബന്ധിച്ച് കഴിപ്പിക്കാത്തിടത്തോളം ഇത് വിഷയമാക്കുന്നത് എന്തിനാണെന്നായിരുന്നു ചിലര്‍ കമന്റുകളില്‍ ചോദിക്കുന്നത്.
ബീഫ് തിന്നാനുള്ള അവകാശത്തെ പോലെ പന്നി മാംസം തിന്നാനും അവകാശമുള്ള ഒരു ജനതയുണ്ട് ഇവിടെ അവരിലേക്ക് ഡി.വൈ.എഫ്.ഐ വെക്കുന്ന ചലഞ്ചിനേ എന്തിന്ന് വിമര്‍ശിക്കണം?
ഫൈസി കൂടത്തായി ആദ്യം മനസിലാക്കേണ്ടത് ഇന്ത്യയും കേരളവും ഇസ്ലാമിക റിപ്പബ്ലിക് അല്ല എന്നതാണ്. ഇവിടെ കേരളത്തിലെങ്കിലും ഇഷ്ടമുള്ള മനുഷ്യര്‍ക്ക് ഇഷ്ട്ടമുള്ള ഭക്ഷണം കഴിക്കാനും വില്‍ക്കാനും വാങ്ങാനും ഒക്കെയുള്ള സ്വാതന്ത്ര്യം ഉണ്ട്.
പന്നിയിറച്ചി മാത്രമല്ല ബീഫും കോഴിയും മട്ടനും മീനും ബിരിയാണിയും പായസവും ചക്കയും മാങ്ങയും തേങ്ങയും ഒക്കെ വിറ്റും, ആക്രി പെറുക്കിയും, ചുമടെടുത്തും ഒക്കെയാണ് ഡി.വൈ.എഫ്.ഐ പാവപ്പെട്ടവരെ സഹായിക്കുന്നത്.
ചിലര്‍ പന്നിയിറച്ചി കഴിക്കാത്തത് പോലെ മറ്റ് ചിലര്‍ ബീഫും കോഴിയും മീനും കഴിക്കില്ല. ഡി.വൈ.എഫ്.ഐ ഇതൊന്നും ആരേയും നിര്‍ബന്ധിച്ച് കഴിപ്പിക്കുന്നില്ല. ആവശ്യമുള്ളവര്‍ അവര്‍ക്ക് ഇഷ്ടമുള്ളത് വാങ്ങി സര്‍വതും നഷ്ടപ്പെട്ട വയനാട്ടിലെ മനുഷ്യരെ സഹായിക്കട്ടെ. അതിന് നിങ്ങളെന്തിനാണ് ഇങ്ങനെ കയറ് പൊട്ടിച്ച് മുക്രിയിടുന്നത് ?
ഇസ്ലാമിന് നിഷിദ്ധമായ മദ്യം, ലോട്ടറി, പലിശ എന്നീ ഇനങ്ങളില്‍ പിരിച്ച സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നുള്ള സഹായം നിങ്ങള്‍ നിരസിക്കുമോ? കരിഞ്ചന്ത, പൂഴ്ത്തി വയ്പ്പുകാരില്‍ നിന്നും വട്ടിപ്പലിശക്കാരില്‍ നിന്നുമുള്ള പണം നിങ്ങള്‍ക്ക് ഹലാല്‍ ആണോ?
യത്തീം മക്കളുടെയും പാവപ്പെട്ടവരുടെയും പേരില്‍ ഇന്നേവരെ പിരിച്ചതെല്ലാം തിരിമറി നടത്തിയ ലീഗ് നേതാക്കള്‍ക്ക് ക്ലാസെടുക്കാന്‍ നിങ്ങള്‍ക്ക് തന്റേടമുണ്ടോ? സ്വന്തം പ്രവര്‍ത്തകനെ കുരുതി കൊടുത്ത്, സംഘപരിവാറില്‍ നിന്ന് പണം വാങ്ങിയ നേതാക്കള്‍ക്കെതിരെ നിങ്ങള്‍ മുരടനക്കുമോ? നിങ്ങളുടെ ശുപാര്‍ശക്കത്തുമായി സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കണമെന്ന് ഞങ്ങളാരും ആഗ്രഹിക്കുന്നില്ല. തത്കാലം അത് നാലായി മടക്കി കീശയില്‍ത്തന്നെ വച്ചാല്‍ മതി.,
ഡി.വൈ.എഫ്.ഐ ബീഫ് ഫെസ്റ്റിവല്‍ വെച്ചപ്പോള്‍ സംഘികളുടെ ഒരു വെല്ലുവിളി ഉണ്ടായിരുന്നു. ‘ പോര്‍ക്ക് ഫെസ്റ്റിവല്‍ വെക്കാന്‍ ധൈര്യമുണ്ടോന്ന് ‘ ആ ഒരു വെല്ലുവിളിയും ഈ ഫെസ്റ്റിവലില്‍ ഉണ്ട്.
പന്നിയെ തിന്നുന്നവര്‍ തിന്നട്ടെ. തിന്നാത്തവര്‍ തിന്നണ്ട. ഒരു വിഭാഗത്തിന്റെ ഇഷ്ട ഭക്ഷണത്തെ ഈ വിധം ചര്‍ച്ച ആക്കുന്നത് എന്തിനാണ്..? എന്നിങ്ങനെയാണ് കമന്റുകള്‍.