ബ്രിട്ടനിൽ മെനിഞ്ചൈറ്റിസ് പടരുന്നു; വിദ്യാർഥികൾ ആശങ്കയിൽ

ലണ്ടൻ : തെക്കുകിഴക്കൻ ഇംഗ്ലണ്ടിൽ മെനിഞ്ചൈറ്റിസ് പൊട്ടിപ്പുറപ്പെട്ടത് സർവകലാശാല വിദ്യാർഥികളിൽ ആശങ്ക പരത്തുന്നു. രോഗം ബാധിച്ച് ഒരു യൂണിവേഴ്സിറ്റി വിദ്യാർഥിയും സമീപത്തുള്ള ഒരു സ്കൂളിലെ വിദ്യാർഥിയും മരിച്ചതോടെയാണ് ക്യാമ്പസുകളിൽ ഭീതി പടർന്നത്. അടിയന്തര ആരോഗ്യ നടപടികൾ പ്രദേശത്ത് സ്വീകരിച്ചിട്ടുണ്ട്. കെന്റ് കൗണ്ടിയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് മെനിഞ്ചൈറ്റിസ് പടരുന്നത് റിപ്പോർട്ട് ചെയ്തതെന്ന് യുകെ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. കുറഞ്ഞ സമയത്തിനുള്ളിൽ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ചയാണ് ആദ്യ മരണം സ്ഥിരീകരിച്ചത്.
ചൊവ്വാഴ്ച മെനിഞ്ചൈറ്റിസ് കേസുകളുടെ എണ്ണം 20 ആയി. കാന്റർബറി നഗരത്തിലെ കെന്റ് സർവകലാശാലയിലെ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ആന്റിബയോട്ടിക്കുകളും മെനിഞ്ചൈറ്റിസ് വാക്സിനേഷനും നൽകുന്നുണ്ട്. ജനങ്ങളോട് പരിഭ്രാന്തരാകാതെയിരിക്കാൻ ഉദ്യോഗസ്ഥർ നിർദേശം നൽകി. ഇന്ത്യയിൽ നിന്നടക്കം ആയിരക്കണക്കിന് വിദ്യാർഥികളാണ് ഇംഗ്ലണ്ടിൽ സർവകലാശാലകളിൽ പഠിക്കുന്നത്. രോഗം വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ വന്നതോടെ വിദ്യാർഥികളുടെ കുടുംബാംഗങ്ങളും ആശങ്കയിലായി.
നിലവിൽ രോഗം ബാധിച്ചവരിൽ പലരും മാർച്ച് 5 മുതൽ 7 വരെയുള്ള ദിവസങ്ങളിൽ കാന്റർബറിയിലെ ഒരു നിശാക്ലബ്ബിൽ പോയിരുന്നതായി ആരോഗ്യ വിദഗ്ദ്ധർ പറഞ്ഞു. കെന്റ് സർവകലാശാലയിലെ വിദ്യാർഥികൾക്ക് പുറമേ, പ്രസ്തുത തീയതികളിൽ ക്ലബ് സന്ദർശിച്ചവർക്കും ആന്റിബയോട്ടിക്കുകൾ നൽകാൻ നിർദേശിച്ചിട്ടുണ്ട്. കാന്റർബറിയിലും പരിസര പ്രദേശങ്ങളിലുമുള്ളവർ മുൻകരുതൽ നടപടിയെന്നോണം പുറത്തിറങ്ങുമ്പോൾ മാസ്കുകൾ ധരിച്ചു തുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2015 മുതലാണ് യുകെയിൽ കുട്ടികൾക്ക് മെനിഞ്ചൈറ്റിസ് ബി സ്ട്രെയിൻ വാക്സിനേഷൻ നിർബന്ധമാക്കിയത്. അതിനാൽ തന്നെ ഭൂരിഭാഗം വിദ്യാർഥികളും വാക്സിനെടുത്തിരിക്കാൻ സാധ്യതയില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ധാരാളം വിദേശ വിദ്യാർഥികളും സർവകലാശാലകളിലുള്ളത് ആശങ്ക വർധിപ്പിക്കുന്നു.
ആവശ്യത്തിന് വാക്സിൻ ഡോസുകൾ ഉണ്ടെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) അറിയിച്ചെങ്കിലും സ്റ്റോക്കുകൾ ലഭിക്കാൻ ഫാർമസികൾ ബുദ്ധിമുട്ടുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. അണുബാധയുടെ ഇൻകുബേഷൻ കാലാവധി 14 ദിവസം വരെയാകാമെന്നതിനാൽ കേസുകളുടെ എണ്ണം ഉയരുമെന്നാണ് കരുതുന്നത്.
കെന്റിൽ ഉൾപ്പെട്ടിരിക്കുന്ന സ്ട്രെയിൻ മറ്റേതൊരു വൈറസിനേക്കാളും മാരകമാണോ എന്ന് വിലയിരുത്താൻ വളരെ നേരത്തെയാണെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. കാന്റർബറി വിടുന്ന വിദ്യാർത്ഥികൾ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പകർച്ചവ്യാധി പടരുമെന്ന് തനിക്ക് ആശങ്കയില്ലെന്ന് സ്ട്രീറ്റിംഗ് പറഞ്ഞു.
എന്താണ് മെനിഞ്ചൈറ്റിസ്
തലച്ചോറിനും സുഷുമ്‌നാ നാഡിക്കും ചുറ്റുമുള്ള മെനിഞ്ചസ് പാളികളിൽ ഉണ്ടാകുന്ന അണുബാധയാണ് മെനിഞ്ചൈറ്റിസ്. ഇത് വൈറസുകളോ ബാക്ടീരിയകളോ മൂലം ഉണ്ടാകാം. മെനിഞ്ചൈറ്റിസ് പിടിപെടുന്നത് മെനിംഗോകോക്കൽ സെപ്സിസ് എന്നറിയപ്പെടുന്ന ഗുരുതരമായ രക്ത അണുബാധയിലേക്ക് നയിച്ചേക്കാം. കൃത്യമായി തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കിൽ ജീവൻ നഷ്ടപ്പെട്ടേക്കാം.
മെനിഞ്ചൈറ്റിസ് കൈകാലുകൾ മുറിച്ചുമാറ്റുന്നതിലേക്കും നയിച്ചേക്കാം. ഏറ്റവും അപകടകരമായ മെനിഞ്ചൈറ്റിസ് വകഭേദം സാധാരണയായി ബാക്ടീരിയ മൂലമാണ് ഉണ്ടാകുന്നത്. കാന്റർബറിയിൽ റിപ്പോർട്ട് ചെയ്ത ഭൂരിഭാഗം കേസുകളും ബാക്ടീരിയ അണുബാധയിൽ നിന്നാണ് ഉണ്ടായതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
യുകെയിൽ മെനിഞ്ചൈറ്റിസ് ഒരു അപൂർവ രോഗമാണ്. പ്രതിവർഷം ഏകദേശം 350 പേർക്കാണ് ബാധിക്കുന്നത്. എന്നാൽ യൂണിവേഴ്സിറ്റി ഡോർമിറ്ററികൾ പോലുള്ള ഇടങ്ങളിൽ വേഗം രോഗം പടർന്നുപിടിക്കാറുണ്ട്.
ചുമയ്ക്കുക, തുമ്മുക, ചുംബനം, ഭക്ഷണ പാനീയങ്ങൾ പങ്കിടുക തുടങ്ങിയ അടുത്ത സമ്പർക്കത്തിലൂടെയാണ് ബാക്ടീരിയൽ മെനിഞ്ചൈറ്റിസ് പകരുന്നത്. രോഗബാധിതമായ ഉമിനീർ, കഫം എന്നിവയിലൂടെയാണ് വൈറസ് മെനിഞ്ചൈറ്റിസ് പകരുന്നത്.
വകഭേദങ്ങൾ:
ബാക്ടീരിയൽ മെനിഞ്ചൈറ്റിസ് – ഏറ്റവും അപകടകരമായത്, അടിയന്തര ചികിത്സ ആവശ്യം.
വൈറൽ മെനിഞ്ചൈറ്റിസ് – ഗുരുതരമല്ല, പലപ്പോഴും സ്വയം ഭേദമാകും.
ഫംഗൽ മെനിഞ്ചൈറ്റിസ് – അപൂർവം, പ്രതിരോധശേഷി കുറഞ്ഞവരിൽ കൂടുതലായി കാണാം.
പാരസൈറ്റിക് മെനിഞ്ചൈറ്റിസ് – വളരെ അപൂർവം
നോൺ- ഇൻഫെക്ഷ്യസ് മെനിഞ്ചൈറ്റിസ് – മരുന്നുകൾ, കാൻസർ, മറ്റു രോഗങ്ങൾ എന്നിവ കാരണം
ലക്ഷണങ്ങൾ: കടുത്ത പനി, തലവേദന, കഴുത്ത് കടുപ്പം (neck stiffness), ഛർദ്ദി, പ്രകാശം കാണുമ്പോൾ ബുദ്ധിമുട്ട് (light sensitivity), ബോധക്ഷയം, കുട്ടികളിൽ കരച്ചിൽ വർധിക്കുക, വിശപ്പില്ലായ്മ. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കണം.



