കാലടി സർവകലാശാലയിൽ പക്ഷികൾക്കൊരു സ്നേഹ സങ്കേതം

കൊച്ചി : വിശാലമായ സർവകലാശാല ക്യാംപസിനകത്തു പക്ഷികൾക്കു മാത്രമായി ഒരു സങ്കേതം! കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലാണ് ഇത്തരമൊരു പരിപാലന സ്ഥലമുള്ളത്. രാജ്യത്തു തന്നെ ആദ്യത്തേതായിരിക്കും ഇത്തരമൊരു പക്ഷി സങ്കേതം. 2013ലാണ് ക്യാംപസിൽ ഇത്തരമൊരു സംവിധാനം സ്ഥാപിച്ചത്. വിവിധതര പ്രാണികളും സസ്യങ്ങളും ഒപ്പം 120ഓളം വ്യത്യസ്ത പക്ഷികളുടേയും ആവാസ കേന്ദ്രമാണ് ഇന്ന് പൂർണ എന്നു പേരുള്ള പക്ഷി സങ്കേതം. 67 ഏക്കറായി കിടക്കുന്ന സർവകലാശാലയുടെ വിശാല ഭൂമിയിൽ ഏതാണ്ട് 5 ഏക്കറിനടുത്താണ് ഈ ആവാസ കേന്ദ്രം.
‘2013ൽ സുകൃതി ഫോറസ്റ്റ് ക്ലബാണ് പക്ഷികൾക്കായി ഒരു ആവാസ സങ്കേതമെന്ന ആശയം മുന്നോട്ടു വയ്ക്കുന്നത്. സോഷ്യോളജി വിഭാഗം മുൻ മേധാവിയായ ഡോ. ദിലീപ് കെജിയാണ് ഇതിന്റെ പദ്ധതി തയ്യാറാക്കിയത്. ഈ പ്രദേശങ്ങളിൽ മാത്രം കാണു്ന കറുത്ത കിരീടമുള്ള നൈറ്റ് ഹെറോണുകളുടെ ആവസ വ്യവസ്ഥ സംരക്ഷിക്കുകയായിരുന്നു ഈ പദ്ധതിയുടെ പ്രാരംഭ ലക്ഷ്യം. അതിനായി മരങ്ങളും ഒരു കുളവും ഉൾപ്പെടുന്ന 5 ഏക്കർ സ്ഥലമാണ് അതിനായി നീക്കി വച്ചത്. പത്ത് വർഷം മുൻപ് ബ്ലാക്ക് ക്രൗൺഡ് നൈറ്റ് ഹെറോണുകൾ ഈ പ്രദേശത്ത് കൂടുകൂട്ടാൻ തുടങ്ങിയതായി ഒരു പഠനത്തിൽ വ്യക്തമാകുകയും ചെയ്തു. കുറച്ചു പക്ഷികളിൽ നിന്നു ഇന്ന് അവയുടെ എണ്ണം 200നും മുകളിലായിട്ടുണ്ട്’- ലൈബ്രറി അസിസ്റ്റന്റായ മനോജ് പൈനുങ്കൽ പറയുന്നു.
സർവകലാശാലയുടെ പ്രവേശന കവാടത്തിൽ നിന്നു ബാസ്കറ്റ്ബോൾ കോർട്ടിലേക്കുള്ള റോഡിന്റെ ഇടതു വശത്താണ് ഈ പക്ഷി സങ്കേതമുള്ളത്. നീർമരുത്, മണിമരുത്, വെങ്ങ തുടങ്ങിയ നദീതീര വൃക്ഷങ്ങൾ ഇവിടെയുണ്ട്. പോണ്ട് ഹെറോൺ, പർപ്പിൾ ഹെറോൺ, ചെസ്റ്റ്നട്ട് ബിറ്റേൺ, വൈറ്റ്-ബ്രെസ്റ്റഡ് വാട്ടർഹെൻ, പർപ്പിൾ മൂർഹെൻ, ലെസ്സർ വിസിലിങ് ടീൽ, കോട്ടൺ ടീൽ, ലിറ്റിൽ കോർമറാന്റ്, ഓപ്പൺ-ബിൽഡ് സ്റ്റോർക്ക്, വൂളി- നെക്ക്ഡ് സ്റ്റോർക്ക് തുടങ്ങിയ പക്ഷികൾ നിലവിൽ സങ്കേതത്തിലുണ്ട്. കൂടാതെ പൈഡ് ക്രെസ്റ്റഡ് കുക്കൂ, സ്പോട്ടഡ് സാൻഡ്പൈപ്പർ, കോമൺ സാൻഡ്പൈപ്പർ, ബ്ലാക്ക്-വിങ്ഡ് സ്റ്റിൽറ്റ് തുടങ്ങിയ ദേശാടന ഇനങ്ങളെയും സങ്കേതത്തിൽ കാണാൻ കഴിയും.
‘വനം വകുപ്പിന്റെ സഹായത്തോടെയാണ് ആദ്യ ഘട്ടത്തിൽ മരങ്ങൾ നട്ടത്. അനുയോജ്യമായ മരങ്ങൾ കണ്ടെത്തി. ചതുപ്പു നിലങ്ങൾ ഉള്ളതിനാൽ തീരപ്രദേശങ്ങളിലെ മരങ്ങൾ നട്ടുപിടിപ്പിച്ചു. മരങ്ങൾ വളരുന്നതു വരെ വനം വകുപ്പാണ് അവയെ പരിപാലിച്ചത്. പിന്നീട് പ്രദേശം സുകൃതി ഫോറസ്റ്റ് ക്ലബിനു കൈമാറുകയായിരുന്നു.’
‘അതിനു ശേഷം അതിന്റെ സംരക്ഷണം വിദ്യാർഥികളും ഫാക്കൽറ്റി അംഗങ്ങളും ഏറ്റെടുക്കുകയായിരുന്നു. നിലവിൽ കൺവീനർമാരായ ആദർശ്, ഐശ്വര്യ എന്നിവരുടെ നേതൃത്വത്തിലാണ് ഫോറസ്റ്റ് ക്ലബ് പ്രവർത്തിക്കുന്നത്. ഇ ബേർഡ് മൊബൈൽ ആപ്പിലൂടെ സങ്കേതത്തിൽ വസിക്കുന്ന പക്ഷികളുടെ പട്ടിക സൂക്ഷിക്കുന്നുണ്ട്. കാമ്പസിലുള്ള ആർക്കും പക്ഷികളുടെ ഫോട്ടോയെടുത്ത് ആപ്പിൽ അപ്ലോഡ് ചെയ്യാം.’
‘വിദ്യാർഥികൾ, സർവകലാശാലയിലെ മറ്റു ജീവനക്കാർ പക്ഷി നിരീക്ഷകരടക്കമുള്ളവർ കാമ്പസിലെ ഈ ജൈവ വൈവിധ്യത്തെ അറിയാനും നിരീക്ഷിക്കാനും ഉത്സാഹം കാണിക്കാറുണ്ട്. പക്ഷികൾ സങ്കേതത്തെ അവരുടെ സുരക്ഷിത കേന്ദ്രമായാണ് കാണുന്നതെന്നു അവയുടെ ഇവിടുത്തെ സ്വൈര വിഹാരങ്ങളിൽ നിന്നു വ്യക്തമാണ്’- മനോജ് കൂട്ടിച്ചേർത്തു.