ഗാസ സഹായക്കപ്പലിന്റെ സംരക്ഷണത്തിന് യുദ്ധക്കപ്പൽ വിന്യസിക്കുമെന്ന് സ്പെയിൻ

ഗാസ സഹായത്തിനുള്ള അന്താരാഷ്ട്ര മാനുഷിക ദൗത്യമായ ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയെ സംരക്ഷിക്കുമെന്ന് സ്‌പെയിൻ. ഫ്ലോട്ടില്ലയുടെ സുരക്ഷക്കായി സ്പെയിൻ ഒരു യുദ്ധക്കപ്പൽ വിന്യസിക്കുമെന്ന് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ഇന്നലെ പ്രഖ്യാപിച്ചു. ദൗത്യത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഇറ്റാലിയൻ പൗരന്മാരുടെ സംരക്ഷണത്തിനായി ഇറ്റലി ഒരു നാവിക കപ്പൽ അയച്ചിട്ടുണ്ട്.
സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തകയായ ഗ്രെറ്റ തുൻബെർഗ് ഉൾപ്പെടെ 45 രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 50 സിവിലിയൻ ബോട്ടുകൾ ഉൾപ്പെടുന്ന ഫ്ലോട്ടില്ലക്ക് നേരെ ഗ്രീക്ക് ദ്വീപായ ഗാവ്ഡോസിന് സമീപമുള്ള അന്താരാഷ്ട്ര ജലാശയത്തിൽ ഡ്രോൺ ആക്രമണം നടന്നിരുന്നു. ആക്രമണത്തിന് മറുപടിയായി, ഫ്ലോട്ടില്ലയെ സഹായിക്കുന്നതിനും സാധ്യമായ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനും ആവശ്യമായ വിഭവങ്ങളുള്ള ഒരു നാവിക കപ്പൽ കാർട്ടജീനയിൽ നിന്ന് അയയ്ക്കും. ഭക്ഷണവും വൈദ്യസഹായങ്ങളും ഉൾപ്പെടെയുള്ള അവശ്യ മാനുഷിക സഹായം നൽകിക്കൊണ്ട് ഇസ്രായേലിന്റെ ഗാസയിലെ നാവിക ഉപരോധത്തെ വെല്ലുവിളിക്കുക എന്നതാണ് ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയുടെ ലക്ഷ്യം. ഡ്രോൺ ആക്രമണങ്ങളും മറ്റ് തരത്തിലുള്ള ഭീഷണികളും നേരിടേണ്ടി വന്നിട്ടും, ഗാസയിലെ ജനങ്ങൾക്ക് ആശ്വാസം നൽകാനുള്ള ദൗത്യത്തിൽ ഫ്ലോട്ടില്ല ഉറച്ചുനിൽക്കുന്നു.