യൂറോപ്യൻ യൂണിയൻ വാർത്തകൾ

16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ ഒരുങ്ങി സ്പെയിൻ

മാഡ്രിഡ് : അശ്ലീലദൃശ്യങ്ങൾ, അക്രമം തുടങ്ങിയ ഹാനികരമായ ഉള്ളടക്കങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ സ്പെയിൻ ഒരുങ്ങുന്നു. ചൊവ്വാഴ്ച ദുബായിൽ നടന്ന ഉച്ചകോടിയിൽ സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എന്നാൽ, ഈ നീക്കത്തിനോട് എക്സ് ഉടമ ഇലോൺ മസ്ക് അതിരൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

സ്പെയിൻ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം

“സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വെറുമൊരു ചെക്ക് ബോക്സിന് പകരം ഫലപ്രദമായ പ്രായപരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തണം,” സാഞ്ചസ് പറഞ്ഞു. നമ്മുടെ കുട്ടികൾ ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ പാടില്ലാത്ത ലഹരി, ദുരുപയോഗം, അശ്ലീലം, മാനിപ്പുലേഷൻ, അക്രമം എന്നിവ നിറഞ്ഞ ഇടങ്ങളിലാണ് ഇന്ന് സമയം ചിലവഴിക്കുന്നത്. ഇത് ഇനി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമവിരുദ്ധമോ വിദ്വേഷം നിറഞ്ഞതോ ആയ ഉള്ളടക്കം നീക്കം ചെയ്യുന്നതിൽ പരാജയപ്പെടുന്ന ടെക് കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കുന്ന തരത്തിൽ നിയമത്തിൽ മാറ്റം വരുത്തുമെന്നും സ്പെയിൻ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.

രൂക്ഷമായി പ്രതികരിച്ച് ഇലോൺ മസ്ക്

സ്പെയിൻ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ എക്സിലൂടെ രൂക്ഷമായ പരിഹാസവുമായാണ് ഇലോൺ മസ്ക് എത്തിയത്. സാഞ്ചസിനെ Dirty Sanchez എന്ന് വിളിച്ച മസ്ക്, അദ്ദേഹം സ്പെയിനിലെ ജനങ്ങളെ വഞ്ചിക്കുന്ന ഒരു ‘സ്വേച്ഛാധിപതി’യാണെന്നും ആരോപിച്ചു. മറ്റൊരു പോസ്റ്റിൽ സാഞ്ചസിനെ ‘യഥാർത്ഥ ഫാസിസ്റ്റ്’ എന്നും മസ്ക് വിശേഷിപ്പിച്ചു. രാഷ്ട്രീയ ഇടപെടലും ലൈംഗികാതിക്രമങ്ങളും ആരോപിച്ച് പാരീസിലെ എക്സ് ഓഫീസുകളിൽ ഫ്രഞ്ച് അധികൃതർ നടത്തിയ റെയ്ഡുകൾക്കെതിരെയും മസ്ക് ആഞ്ഞടിച്ചു.

കഴിഞ്ഞ നവംബറിൽ തന്നെ സാഞ്ചസ് ഇത്തരമൊരു നിരോധനത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നുവെങ്കിലും, അടുത്താഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന അഞ്ച് കർശന നടപടികളുടെ പാക്കേജായി ഇത് അവതരിപ്പിക്കുന്നത് ഇപ്പോഴാണ്. എന്നാൽ, സ്പെയിനിലെ സഖ്യസർക്കാരിന് പാർലമെന്റിൽ ഭൂരിപക്ഷമില്ലാത്തതിനാൽ ഈ നിയമം പാസാക്കിയെടുക്കുക എന്നത് വലിയ വെല്ലുവിളിയായിരിക്കും.

തുടക്കം കുറിച്ചത് ഓസ്‌ട്രേലിയ

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് എന്നിവയുൾപ്പെടെ ലോകത്തിലെ ഏറ്റവും ജനപ്രിയമായ ചില പ്ലാറ്റ്‌ഫോമുകളിൽ നിന്ന് കൗമാരക്കാരെ വിലക്കിക്കൊണ്ട് ഡിസംബറിൽ ഓസ്‌ട്രേലിയയാണ് നിരോധനത്തിന് തുടക്കം കുറിച്ചത്. സമാനമായ നടപടികൾക്കായി ഫ്രാൻസ്, പോർച്ചുഗൽ, ഡെന്മാർക്ക്, ഗ്രീസ് എന്നീ രാജ്യങ്ങളും ഇപ്പോൾ രംഗത്തുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button