യൂറോപ്യൻ യൂണിയൻ വാർത്തകൾ

യൂറോവിഷൻ 2025-ൽ ഇസ്രായേൽ പങ്കെടുക്കുന്ന കാര്യത്തിൽ ചർച്ചവേണം : സ്പെയിൻ ആർടിവിഇ

മാഡ്രിഡ് : ഈ വർഷത്തെ “യൂറോവിഷൻ” സംഗീത മത്സരത്തിൽ ഇസ്രായേലിനെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ ചർച്ച വേണമെന്നാവശ്യപ്പെട്ട് സ്‌പെയിൻ. ഗസ്സയിലെ വംശഹത്യയുടെ പശ്ചാത്തലത്തിൽ ഇസ്രായേലിനെ മാറ്റിനിർത്തുന്ന കാര്യം ആലോചിക്കണമെന്നു കാണിച്ച് സ്‌പെയിനിന്റെ ദേശീയ ടെലിവിഷൻ ചാനലായ ആർടിവിഇ സംഘാടകർക്ക് കത്തുനൽകി. യൂറോപ്പിലെ ടെലിവിഷൻ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ യൂറോപ്യൻ ബ്രോഡ്കാസ്റ്റിങ് യൂണിയൻ (ഇ.ബി.യു) സംഘടിപ്പിക്കുന്ന യൂറോവിഷൻ, വൻകരയിലെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടിയാണ്. മെയ് മാസത്തിൽ സ്വിറ്റ്‌സർലന്റിലെ ബേസൽ നഗരത്തിലാണ് 2025-ലെ മത്സരം അരങ്ങേറുന്നത്.

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയ്‌ക്കെതിരെ സ്‌പെയിനിൽ വ്യാപക പ്രതിഷേധമാണ് നിലനിൽക്കുന്നതെന്നും ഇക്കാര്യം കൂടി പരിഗണിച്ച ശേഷമേ പരിപാടിയുമായി മുന്നോട്ടുപോകാവൂ എന്നും സംഘാടകർക്കയച്ച കത്തിൽ ആർടിവിഇ വ്യക്തമാക്കി. ‘സാംസ്‌കാരിക പരിപാടി എന്ന നിലയ്ക്ക് യൂറോവിഷനെ ഞങ്ങൾക്ക് പിന്തുണക്കുന്നു. എന്നാൽ ഗസ്സയിലെ അക്രമങ്ങളിൽ ഇസ്രായേലിനുള്ള പങ്ക് ചോദ്യം ചെയ്യുന്ന സ്‌പെയിനിലെ ജനങ്ങളുടെയും സംപ്രേക്ഷകരുടെയും വികാരം കൂടി ഉൾക്കൊള്ളണം. ഈ വർഷം ഇസ്രായേൽ പങ്കെടുക്കണമോ എന്ന കാര്യത്തിൽ ആഭ്യന്തര ചർച്ചയുണ്ടാകണം.’ – ചാനലിന്റെ എഡിറ്റോറിയൽ മേധാവി അന മരിയ ബൊർദാസ് എഴുതിയ കത്തിൽ പറയുന്നു. യൂറോവിഷൻ മുന്നോട്ടുവെക്കുന്ന സമഗ്രത, വൈവിധ്യം, തുല്യത, ഉൾക്കൊള്ളൽ തുടങ്ങിയ മൂല്യങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്നവർ പാലിക്കുന്നുണ്ടോ എന്നു വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഇസ്രായേൽ പങ്കെടുക്കുന്ന കാര്യത്തിൽ തങ്ങൾ ഉന്നയിക്കുന്ന ആശങ്ക വെറും രാഷ്ട്രീയ കാരണങ്ങൾ കൊണ്ടല്ലെന്നും സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നുവന്ന ശബ്ദങ്ങളുടെ പ്രതിഫലനമാണെന്നും ചാനൽ മേധാവി ഹോസെ പാബ്ലോ ലോപസ് പറഞ്ഞു.

യൂറോവിഷൻ 2025-ൽ നിന്ന് ഇസ്രായേലിനെ ഒഴിവാക്കണമെന്ന് നേരിട്ടു പറയുന്നില്ലെങ്കിലും യൂറോപ്യൻ ബ്രോഡ്കാസ്റ്റ് യൂണിയൻ അംഗങ്ങൾക്കിടയിൽ തുറന്നതും സുതാര്യവുമായ ആഭ്യന്തര ചർച്ച വേണമെന്ന് ആർടിവിഇ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷം സ്വീഡനിലെ മാൽമോയിൽ നടന്ന മത്സരത്തിൽ ഇസ്രായേൽ പങ്കെടുത്തതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നുവന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇസ്രായേൽ പങ്കാളിയായ പരിപാടിയിൽ സ്‌പെയിൻ പങ്കെടുക്കുന്നതിൽ പൊതുജനങ്ങൾക്കുള്ള പ്രതിഷേധമാണ് കഴിഞ്ഞ വർഷം രാജ്യത്തെ പ്രതിനിധീകരിച്ച് പാടിയ നെബുലോസയുടെ പരാജയത്തിനു കാരണമെന്ന വാദം ശക്തമാണ്. ജനപ്രിയ ഗായികയമായ നെബുലോസയ്ക്ക് വളറെ കുറഞ്ഞ പബ്ലിക് വോട്ടാണ് കഴിഞ്ഞ വർഷം ലഭിച്ചത്.

ഗസ്സ വംശഹത്യയുടെ പശ്ചാത്തലത്തിൽ യൂറോവിഷൻ ബഹിഷ്‌കരിക്കണമെന്ന് കഴിഞ്ഞ വർഷം തന്നെ സ്‌പെയിനിലെ ആർട്ടിസ്റ്റുകളും ആക്ടിവിസ്റ്റുകളും ആവശ്യപ്പെട്ടിരുന്നു. ഫലസ്തീനികൾക്കെതിരായ വംശഹത്യ വെളുപ്പിക്കാനുള്ള അവസരമായി ഇസ്രായേൽ യൂറോവിഷനെ ഉപയോഗിക്കുമെന്നും, യൂറോവിഷനിൽ നിന്നു മാത്രമല്ല എല്ലാ സാംസ്‌കാരിക വേദികളിൽ നിന്നും അവരെ മാറ്റിനിർത്തണമെന്നും സ്‌പെയിനിലെ മുൻ സാമൂഹ്യക്ഷേമ മന്ത്രിയും ഇടതുപക്ഷ പാർട്ടിയായ പൊദെമോസിന്റെ അധ്യക്ഷയുമായ ഇയോനെ ബെല്ലാര പറഞ്ഞു. യുക്രെയ്ൻ അധിനിവേശത്തിന്റെ പേരിൽ 2022-ൽ റഷ്യയെ ഒഴിവാക്കിയ സംഘാടകർ എന്തുകൊണ്ട് ഇസ്രായേലിനെതിരെ നടപടിയെടുക്കുന്നില്ല എന്നും അവർ ചോദിച്ചു.

മാൽമോയിൽ കഴിഞ്ഞ വർഷം നടന്ന പരിപാടി ശക്തമായ പ്രതിഷേധങ്ങൾ കാരണം ലോകശ്രദ്ധ നേടിയിരുന്നു. ഇസ്രായേലിനെ പ്രതിനീധികരിച്ച് പങ്കെടുത്ത ഗായിക ഏദൻ ഗൊലാനെ കൂവലോടെയാണ് പ്രേക്ഷകർ എതിരേറ്റത്. വേദിക്കു പുറത്ത് ശക്തമായ പ്രക്ഷോഭങ്ങളും അരങ്ങേറി. മുൻ ഷിൻ ബേത്ത് തലവൻ റോനൻ ബാറിന്റെ നേതൃത്വത്തിൽ വൻ സുരക്ഷാ സന്നാഹങ്ങളോടെയാണ് ഏദൻ ഗൊലാൻ മാൽമോയിൽ പങ്കെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button