അന്തർദേശീയം

പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ്, തടഞ്ഞ് സുരക്ഷാ സേന; ദക്ഷിണ കൊറിയയില്‍ നാടകീയ സംഭവങ്ങള്‍

സിയോള്‍ : ജനാധിപത്യം അട്ടിമറിച്ച് സൈനിക നിയമം കൊണ്ടുവരാന്‍ ശ്രമിച്ചതിന് ഇംപീച്ച് ചെയ്ത ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂണ്‍ സുക് യോലിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം. അറസ്റ്റിനായി എത്തിയ അന്വേഷണ സംഘത്തെ പ്രസിഡന്റിന്റെ സുരക്ഷാ സേന ഔദ്യോഗിക വസതിക്ക് മുന്നില്‍ മണിക്കൂറുകളോളം തടഞ്ഞു വെച്ചത് നാടകീയ സംഭവങ്ങള്‍ക്കു വഴിയൊരുക്കി.

പട്ടാള നിയമം നടപ്പാക്കാന്‍ ശ്രമിച്ചതിന് യൂണിനെതിരെ ഡിസ്ട്രിക്റ്റ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വാറണ്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ പ്രസിഡന്റിന്റെ സുരക്ഷാ സേന തടയുമെന്നും അറസ്റ്റിനെത്തുന്നവരെ ജനം അറസ്റ്റ് ചെയ്യുമെന്നും യൂണ്‍ കഴിഞ്ഞ ദിവസം വസതിക്ക് മുന്നില്‍ തടിച്ച് കൂടിയ ആരാധകരോട് പറഞ്ഞിരുന്നു.

ഡിസംബര്‍ മൂന്നിനാണ് രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചത്. കടുത്ത എതിര്‍പ്പ് മൂലം ആറ് മണിക്കൂറിനുള്ളില്‍ പിന്‍വലിക്കേണ്ടിയും വന്നു. പാര്‍ലമെന്റ് ഐകകണ്ഠമായ വോട്ടെടുപ്പിലൂടെ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രഖ്യാപനം റദ്ദാക്കുകയും ഡിസംബര്‍ 14ന് യൂണിനെ കലാപക്കുറ്റം ആരോപിച്ച് ഇംപീച്ച് ചെയ്യുകയും ചെയ്തു. തുടര്‍ന്നായിരുന്നു കോടതിയുടെ അറസ്റ്റ് വാറണ്ട്. വാറണ്ടിനെതിരെ യൂണ്‍ ഭരണഘടനാ കോടതിയെ സമീപിച്ചിട്ടുണ്ട്. അനുകൂല വിധിയുണ്ടായാല്‍ യൂണിന് അധികാരത്തില്‍ തുടരാം. ഈ മാസം ആറ് വരെയാണ് വാറണ്ടിന് പ്രാബല്യം.

ദക്ഷിണ കൊറിയന്‍ അഴിമതി വിരുദ്ധ സ്‌ക്വാഡും പബ്ലിക് പ്രോസിക്യൂട്ടര്‍മാരും സംഭവത്തില്‍ പ്രത്യേക അന്വേഷണം ആരംഭിച്ചു. യൂണ്‍ ഔദ്യോഗിക വസതിയില്‍ തുടരുന്നിടത്തോളം കാലം അറസ്റ്റ് സങ്കീര്‍ണമാണ്. യൂണിനെ തടങ്കലില്‍ വെക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിയമപരമായ അധികാരമില്ലെന്നും പ്രസിഡന്‍ഷ്യല്‍ സെക്യൂരിറ്റി സര്‍വീസോ മറ്റേതെങ്കിലും പൗരന്‍മാരോ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും യൂണിന്റെ അഭിഭാഷകന്‍ വാദിച്ചു. യൂണിനെ കസ്റ്റഡിയിലെടുത്താല്‍ നിയമപരമായ അറസ്റ്റിന് കോടതിയുടെ അനുമതി വേണ്ടിവരും. ആയിരക്കണക്കിന് പൊലീസുകാരാണ് യൂനിന്റെ വസതിക്ക് മുമ്പിലുള്ളത്. കനത്ത തണുപ്പിനെ അതിജീവിച്ച് നിരവധി അനുയായികള്‍ പൊലീസ് നീക്കത്തെ തടയാന്‍ പ്രതിഷേധവുമായി വസതിക്ക് മുന്നിലെത്തി. പ്രതിഷേധക്കാരും പൊലീസുകാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button