സ്പോർട്സ്

അഫ്ഗാന്റെ സ്വപ്നയാത്രക്ക് വിരാമം, ഒൻപതു വിക്കറ്റ് ജയവുമായി ദക്ഷിണാഫ്രിക്ക ട്വന്റി20 ലോകകപ്പ് ഫൈനലിൽ

ട്രിനിഡാഡ്: ആരാകും ചരിത്രം കുറിക്കുക എന്ന കൗതുകത്തിനു വിരാമമിട്ട് അഫ്‌ഗാനിസ്ഥാനെ കീഴടക്കി ദക്ഷിണാഫ്രിക്ക ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തി. സീനിയർ ടീം എന്ന നിലയിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഫൈനലാണിത്. സെമി ബർത് നേടി നേരത്തെ തന്നെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചാണ് അഫ്‌ഗാനിസ്ഥാനും മടങ്ങുന്നത്. അഫ്ഗാനിസ്ഥാനെതിരെ ഒൻപതു വിക്കറ്റ് വിജയവുമായാണ് ദക്ഷിണാഫ്രിക്ക ചരിത്ര ഫൈനൽ ഉറപ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാൻ ഉയർത്തിയ 57 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് 8.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്കയെത്തി. 29ന് രാത്രി എട്ടു മണിക്കു നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ ഇന്ത്യ– ഇംഗ്ലണ്ട് സെമിയിലെ വിജയികളെ ദക്ഷിണാഫ്രിക്ക നേരിടും.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാൻ 56 റൺസിന് ഓൾഔട്ടായി. രാജ്യാന്തര ക്രിക്കറ്റില്‍ നോക്കൗട്ട് ഘട്ടത്തിലെ ഏറ്റവും ചെറിയ സ്കോറാണ് ഇത്. കഴിഞ്ഞ വർഷം നടന്ന എസിഎ കപ്പ് സെമി ഫൈനലിൽ യുഗാണ്ടയ്ക്കെതിരെ ബോട്‍സ്വാന 62 റൺസിന് ഓൾഔട്ടായതായിരുന്നു ഇതുവരെയുള്ള ചെറിയ സ്കോർ. അഫ്ഗാനിസ്ഥാന്റെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ ട്വന്റി20 സ്കോർ കൂടിയാണിത്. എട്ട് പന്തിൽ അഞ്ച് റൺസെടുത്ത ക്വിന്റൻ ഡികോക്ക് മാത്രമാണു ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയിൽ പുറത്തായത്. ഫസൽഹഖ് ഫറൂഖിയുടെ പന്തില്‍ ഡികോക്ക് ബോൾ‍‍ഡാകുകയായിരുന്നു. റീസ ഹെൻറിക്സും (25 പന്തിൽ 29) ക്യാപ്റ്റൻ എയ്ഡൻ മാർക്റാമും (21 പന്തിൽ 23) പുറത്താകാതെനിന്നു. 67 പന്തുകൾ ബാക്കി നിൽക്കെയാണ് ദക്ഷിണാഫ്രിക്കയുടെ അനായാസ വിജയം. മൂന്നോവറിൽ 16 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ ദക്ഷിണാഫ്രിക്കൻ പേസര്‍ മാർക്കോ ജാൻസനാണു കളിയിലെ താരം.

ട്വന്റി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാന്റെ വീരോചിതമായ പോരാട്ടത്തിനും ഇതോടെ അവസാനമായി. ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനവുമായാണ് അഫ്ഗാനിസ്ഥാൻ ട്രിനിഡാഡിൽനിന്നു മടങ്ങുന്നത്. 17 വിക്കറ്റുകളുമായി അഫ്ഗാൻ താരം ഫസല്‍ഹഖ് ഫറൂഖി ലോകകപ്പിലെ വിക്കറ്റു വേട്ടക്കാരിൽ ഒന്നാമതെത്തി. 2014ൽ ദക്ഷിണാഫ്രിക്കയെ അണ്ടർ 19 ലോകകപ്പ് കിരീടത്തിലെത്തിച്ച ക്യാപ്റ്റനാണ് എയ്‍ഡൻ മാർക്‌റാം. സീനിയർ‌ ടീമിനെ ആദ്യമായി ഒരു ലോകകപ്പിന്റെ ഫൈനലിലെത്തിക്കുന്ന ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനെന്ന റെക്കോർഡും മാർക്റാമിന്റെ പേരിലായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button