അന്തർദേശീയം

ഓസ്‌ട്രേലിയയിൽ ഇന്ന് അർധരാത്രി മുതൽ 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം പ്രാബല്യത്തിൽ

മെൽബൺ : ഓസ്‌ട്രേലിയയിൽ ഇന്ന് അർധരാത്രി മുതൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം പ്രാബല്യത്തിൽ വരും. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ്, ത്രെഡ്സ്, ടിക് ടോക്ക്, എക്സ്, യൂട്യൂബ്, റെഡ്ഡിറ്റ്, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളായ കിക്ക്, ട്വിച്ച് എന്നിവക്കാണ് നിരോധനം. എങ്കിലും യൂ ട്യൂബ് കിഡ്‌സ്, ഗൂഗിൾ ക്ലാസ്റൂം പോലുള്ള മറ്റ് സൈറ്റുകളും വാട്ട്‌സ്ആപ്പ് പോലുള്ള സന്ദേശമയക്കൽ ആപ്പുകളും തുടർന്നും കുട്ടികൾക്കായി ലഭ്യമാകും.

നിരോധനം നടപ്പിലാക്കേണ്ടത് സോഷ്യൽ മീഡിയ കമ്പനികളുടെ ഉത്തരവാദിത്തമായിരിക്കും. കുട്ടികൾക്ക് സൈറ്റുകളിലേക്ക് പ്രവേശിക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കാൻ ന്യായമായ നടപടികൾ സ്വീകരിക്കാതെ പുതിയ നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തും. അത്തരം പ്ലാറ്റ്‌ഫോമുകളുടെ പട്ടിക തയ്യാറാക്കി സൂക്ഷിക്കുമെന്നും ആസ്‌ട്രേലിയൻ സർക്കാർ അറിയിച്ചു.

തങ്ങളുടെ കുട്ടികൾക്ക് ഒരു കുട്ടിക്കാലം ഉണ്ടാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു എന്നാണ് സർക്കാറിന്റെ വാദം. ‘നമ്മുടെ കുട്ടികൾക്ക് ഒരു കുട്ടിക്കാലം ഉണ്ടാകണമെന്നും മാതാപിതാക്കൾക്ക് തങ്ങളുടെ പിന്തുണയുണ്ടാവണമെന്ന് അവർ അറിയണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു‘. ഒരു വർഷം മുമ്പ് രാജ്യത്തിന്റെ പാർലമെന്റ് പുതിയ നിയമ നിർമാണം പാസാക്കിയപ്പോൾ ആസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് പറഞ്ഞതാണിത്.

പുതിയ നിയമത്തിനു മുന്നോടിയായി ഈ വർഷമാദ്യം സർക്കാർ ഒരു പഠനം നടത്തിയിരുന്നു. 10-15 വയസ്സ് പ്രായമുള്ള കുട്ടികളിൽ 96ശതമാനം പേരും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെന്നും അവരിൽ 10 ൽ ഏഴ് പേരും സ്ത്രീവിരുദ്ധവും അക്രമാസക്തവുമായ കാര്യങ്ങൾ, ഭക്ഷണശീലത്തിലെ ക്രമക്കേടുകൾ, ആത്മഹത്യ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ദോഷകരമായ ഉള്ളടക്കങ്ങൾക്ക് വിധേയരായിട്ടുണ്ടെന്നും അതിൽ കണ്ടെത്തി.

സോഷ്യൽ മീഡിയ നിരോധനത്തിനെതിരെ നിലകൊള്ളുന്ന സാങ്കേതിക സ്ഥാപനങ്ങളെ താൻ ഭയപ്പെടുന്നില്ല എന്ന് ആസ്‌ട്രേലിയയുടെ ആശയവിനിമയ മന്ത്രി അനിക വെൽസ് പറഞ്ഞു. ‘ചെറിയ മക്കളുള്ള ആർക്കും നിയന്ത്രണത്തിന് അതീതമായി തോന്നുന്ന ശക്തികൾക്കെതിരെ എങ്ങനെ നിലകൊള്ളണമെന്ന് തീരുമാനിക്കാം. ഓൺലൈനിൽ കഷ്ടത അനുഭവിച്ച മാതാപിതാക്കളുടെ എണ്ണമറ്റ കഥകൾ തന്നെ ഇക്കാര്യത്തിൽ മുന്നോട്ട് നയിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button