റഷ്യയിൽനിന്നുള്ള എണ്ണ, പ്രകൃതിവാതക ഇറക്കുമതി അവസാനിപ്പിക്കാനുള്ള യൂറോപ്യൻ കമ്മീഷൻ തീരുമാനത്തോട് എതിർപ്പ് പ്രകടിപ്പിച്ച് സ്ലൊവാക്യ

ബ്രസൽസ് : റഷ്യയിൽനിന്നുള്ള എണ്ണ, പ്രകൃതിവാതക ഇറക്കുമതി അവസാനിപ്പിക്കാനുള്ള യൂറോപ്യൻ കമ്മീഷൻ തീരുമാനത്തോട് എതിർപ്പ് പ്രകടിപ്പിച്ച് സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിസോ.
റഷ്യയോടുള്ള ആശ്രിതത്വം കുറയ്ക്കുന്നതു നല്ലതാണെങ്കിലും തീരുമാനം യൂറോപ്യൻ യൂണിയനു ദോഷം ചെയ്യുമെന്നു ഫിസോ ചൂണ്ടിക്കാട്ടി. യൂണിയൻ രാജ്യങ്ങളിൽ വിലവർധന ഉണ്ടാകുമെന്നും റഷ്യക്കും പാശ്ചാത്യശക്തികൾക്കും ഇടയിൽ ഇരുന്പുമറ സൃഷ്ടിക്കുന്നത് ആത്മഹത്യാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടു വർഷത്തിനുള്ളിൽ റഷ്യൻ എണ്ണ, വാതക ഇറക്കുമതി അവസാനിപ്പിക്കാനുള്ള പദ്ധതി അടുത്ത മാസം മുന്നോട്ടുവയ്ക്കുമെന്നാണു യൂറോപ്യൻ കമ്മീഷൻ കഴിഞ്ഞദിവസം അറിയിച്ചത്.
അണുശക്തി നിലയങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന സന്പുഷ്ട യൂറേനിയം റഷ്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്നതും അവസാനിപ്പിക്കാനാണു കമ്മീഷന്റെ തീരുമാനം. യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചത്താലത്തിൽ റഷ്യയോടുള്ള ആശ്രിതത്വം അവസാനിപ്പിക്കാൻ തീരുമാനിച്ച യൂറോപ്യൻ യൂണിയൻ ഇതിനുള്ള നടപടികൾ ഘട്ടംഘട്ടമായി നടപ്പാക്കിവരുകയാണ്.