യൂറോപ്യൻ യൂണിയൻ വാർത്തകൾ

തുർക്കിയിലെ പെർഫ്യൂം ഡിപ്പോയിലുണ്ടായ തീപിടുത്തത്തിൽ ആറ് മരണം; ഒരാൾക്ക് പരുക്ക്

ഇസ്താബൂൾ : വടക്കുപടിഞ്ഞാറൻ തുർക്കിയിലെ പെർഫ്യൂം ഡിപ്പോയിലുണ്ടായ തീപിടുത്തത്തിൽ ആറ് പേർ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു.

കൊകേലി പ്രവിശ്യയിലെ ദിലോവാസിയിൽ പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് തീപിടുത്തമുണ്ടായത്. സുഗന്ധ വസ്തുക്കൾ വൻ തോതിൽ ശേഖരിച്ച് വെച്ച അറയിൽ തീപിടത്തത്തിന് മുൻപ് നിരവധി സ്ഫോടനങ്ങൾ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സുഗന്ധ വസ്തുക്കളിൽ ചേർക്കാൻ സ്പിരിറ്റ് ഉൾപ്പെടെ ഉയർന്ന ജ്വലന ശേഷിയുള്ള വസ്തുക്കൾ ഉപയോഗിക്കുന്നു. ഇവയിലേക്ക് തീ പടർന്നാവാം അപകടം എന്നാണ് നിഗമനം. അടിയന്തര പ്രതികരണ സംഘങ്ങളെയും അഗ്നിശമന സേനാംഗങ്ങളെയും ഉടൻ സ്ഥലത്തേക്ക് അയച്ചു. ഒരു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി.

തീപിടുത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ലെന്നും അന്വേഷണം നടത്തിവരികയാണെന്നും പ്രവിശ്യ ഗവർണർ അറിയിച്ചു.

തീപിടുത്തത്തിൽ ഡിപ്പോ ആയി ഉപയോഗിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ട് നിലകൾ കത്തി നശിച്ചതായി തുർക്കി എൻ‌ടി‌വി ചാനൽ പറഞ്ഞു. ഇസ്താംബൂളിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ദിലോവാസി നിരവധി ഡിപ്പോകളും ഫാക്ടറികളും പ്രവർത്തിക്കുന്ന വ്യാവസായിക പട്ടണമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button