ഘാനയിൽ സൈനിക റിക്രൂട്ട്മെന്റിനിടെ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം

അക്ര : ഘാനയുടെ തലസ്ഥാനമായ അക്രയിൽ ബുധനാഴ്ച നടന്ന സൈനിക റിക്രൂട്ട്മെന്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചതായി സൈന്യം അറിയിച്ചു. സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിച്ച് നിശ്ചിത സമയത്തിന് മുമ്പ് റിക്രൂട്ട്മെന്റ് നടക്കുന്ന സ്റ്റേഡിയത്തിൽ അപേക്ഷകർ എത്തിയതാണ് തിക്കും തിരക്കുമുണ്ടാവാൻ കാരണമെന്ന് സൈന്യം പറഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. തൊഴിലില്ലായ്മ രൂക്ഷമായ ഘാനയിൽ സൈനിക റിക്രൂട്ട്മെന്റുകളിൽ പങ്കെടുക്കാനായി നിരവധി ആളുകളാണ് എത്തുന്നത്.
പശ്ചിമാഫ്രിക്കൻ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ കോവിഡ് മഹാമാരിയോടെയാണ് തകർന്നത്. 2022 ൽ പണപ്പെരുപ്പം 21 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 50 ശതമാനത്തിൽ കൂടുതലായി. പിന്നീട് ഐഎംഎഫ് പിന്തുണയുള്ള സാമ്പത്തിക പരിഷ്കാരങ്ങൾക്ക് ശേഷം 2025 ഒക്ടോബറിൽ 8 ശതമാനമായി കുറഞ്ഞു. സർക്കാർ കണക്കുകൾ പ്രകാരം രാജ്യത്തെ ഏകദേശം 39 ശതമാനം യുവാക്കളും തൊഴിലില്ലാത്തവരാണ്.



