ദേശീയം

ഡല്‍ഹിയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് അപകടം; മരണം ആറായി, 20 പേര്‍ കുടുങ്ങിക്കിടക്കുന്നു

ന്യൂഡല്‍ഹി : ദക്ഷിണ ഡല്‍ഹിയിലെ സത്യനികേതനില്‍ ആണ്‍കുട്ടികളുടെ പേയിങ് ഗെസ്റ്റ് (പിജി) കെട്ടിടം തകര്‍ന്നുവീണ സംഭവത്തില്‍ ആറുപേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഇരുപതോളം പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഇതുവരെ 9 പേരെ പുറത്തെത്തിച്ചുവെന്നാണ് ഔദ്യോഗിക വിവരം. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. കൂടുതല്‍ വിദ്യാര്‍ഥികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കോണ്‍ക്രീറ്റ് ബീമുകളും സ്ലാബുകളും പൊട്ടിച്ചുമാറ്റി കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനാണു ശ്രമം.

സംഭവത്തില്‍ കെട്ടിട ഉടമയ്‌ക്കെതിരെ കേസ് എടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നാലെ കെട്ടിട ഉടമ ഒളിവിലാണ്. സുരക്ഷിതമല്ലാത്തതിനാല്‍ കെട്ടിടം അടച്ചിരുന്നു. മൂന്ന് മാസത്തിനിടെ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുകയായിരുന്നു. കെട്ടിടത്തില്‍ നടന്ന നിര്‍മാണം അനധികൃതമാണെന്നും പൊലീസ് പറയുന്നു.

കെട്ടിടത്തില്‍ രണ്ടുനില അധികമായി നിര്‍മിച്ചതായും കണ്ടെത്തിയതയായി ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ബില്‍ഡിങ് 13 ദിവസത്തിനകം പൊളിക്കാന്‍ ഉത്തരവിട്ടു. ഇന്ന് പ്രദേശത്ത് സീലിങ് ഡ്രൈവ് നടത്തുമെന്നും എംസിഡി അറിയിച്ചു

ബേസ്‌മെന്റും അഞ്ച് നിലകളുമുള്ള ‘ഹോസ്റ്റല്‍ ഡേയ്സ്’ എന്ന കെട്ടിടമാണ് ഞായറാഴ്ച ഉച്ചയോടെ തകര്‍ന്നു വീണത്. ബേസ്‌മെന്റില്‍ അറ്റകുറ്റപ്പണികള്‍ നടന്നു വരുന്നതിനിടയാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ദിവസങ്ങളായി പെയ്ത മഴയെ തുടര്‍ന്ന് ബേസ്‌മെന്റില്‍ വെള്ളം കെട്ടിക്കിടന്നത് കെട്ടിടത്തിന്റെ അടിത്തറ ദുര്‍ബലമാക്കാന്‍ കാരണമായതായി നാട്ടുകാര്‍ പ്രതികരിച്ചു.അപകടവിവരമറിഞ്ഞ ഉടന്‍ പൊലീസും ഫയര്‍ഫോഴ്‌സും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റവരെ എയിംസ് ട്രോമാ സെന്ററില്‍ പ്രവേശിപ്പിച്ചു

ഞായറാഴ്ച ഉച്ചയ്ക്ക് 1:30ഓടെയാണ് കെട്ടിടം തകര്‍ന്നുവീണത്. 40 മുതല്‍ 50 വര്‍ഷം വരെ പഴക്കമുള്ളതാണ് ഈ കെട്ടിടമെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കെട്ടിടത്തിന്റെ ഉടമ ഗുരുഗ്രാമിലാണ് താമസിക്കുന്നത്. അപകടസമയത്ത് കെട്ടിടത്തിനുള്ളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നുവെന്നും, അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷതേടി ചില വിദ്യാര്‍ത്ഥികള്‍ ഫോണ്‍ വിളിക്കുന്നുണ്ടെന്നും ദൃക്സാക്ഷികളും പ്രാദേശിക എംഎല്‍എയും വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button