കാനഡയിലെ ഇന്ത്യൻ വംശജൻ്റെ വീടിന് നേരെ വെടിവെപ്പ്

ഒട്ടോവ : കാനഡയിലെ വ്യവസായിയുടെ വീടിനു നേരെ നടന്ന വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയി സംഘം . കാനഡയിലെ ബ്രാംപ്ടണിൽ താമസിക്കുന്ന ഇന്ത്യൻ വംശജനായ ജാസ്വിർ ദേസി എന്നയാളുടെ വീടിനു നേരെയാണ് ആക്രമണം നടന്നത്. ലോറൻസ് ബിഷ്ണോയി സംഘത്തിൻ്റെ കാനഡയിലെ തലവൻ ഗോൾഡി ധില്ലൻ ആണ് ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രസ്താവന നടത്തിയത്.ബ്രാംപ്ടണിലെ 5 Louvre Circle, Brampton (ON L6P 1W2) എന്ന വിലാസത്തിലുള്ള ജാസ്വിർ ദേസിയുടെ വീടാണ് ബിഷ്ണോയി സംഘം ആക്രമിച്ചത്. വെടിവെപ്പ് നടത്തുന്നതിൻ്റെ ദൃശ്യങ്ങൾ സംഘം സംഘം പുറത്തുവിട്ടു. ഒരാൾ രണ്ട് ദിശകളിൽ നിന്നായി വീടിന് നേരെ നിറയൊഴിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ദേസി തങ്ങളുടെ എതിരാളികളെ സഹായിക്കുന്നതുകൊണ്ടാണ് അദ്ദേഹത്തിൻ്റെ വസതിക്ക് നേരെ ആക്രമണം നടത്തിയതെന്നും തങ്ങളെ എതിർക്കുന്ന ആർക്കും ഇതേ ഗതി വരുമെന്നും ഗോൾഡി ധില്ലൻ മുന്നറിയിപ്പ് നൽകി.
“വാഹെഗുരു ജി ദ ഖൽസ, വാഹെഗുരു ജി കി ഫത്തേഹ്. ഞാൻ, ഗോൾഡി ധില്ലൻ, ജാസ്വിർ ദേസിയുടെ വീടിനു നേരെ നടന്ന വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. അയാൾ നമ്മുടെ ശത്രുക്കളെ സഹായിക്കുന്നു. നമ്മെ എതിർക്കുന്ന ആർക്കും ഇതേ ഗതി വരും.” ഈ വാക്കുകൾ സംഘത്തിന്റെ ക്രൂരമായ രീതികളെയാണ് കാണിക്കുന്നതെന്ന് ഗോൾഡി ധില്ലൻ സോഷ്യൽ മീഡിയയിൽ ഇങ്ങനെ കുറിച്ചു.
വെടിവെപ്പ് നടക്കുമ്പോൾ ജാസ്വിർ ദേസിയുടെ ഭാര്യയും കുട്ടിയും വീട്ടിലുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് അദ്ദേഹം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വെടിവെപ്പിൻ്റെ ദൃശ്യങ്ങൾ അടങ്ങിയ ഒരു വീഡിയോ ലഭിച്ചതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഒരു വാഹനത്തിൽ നിന്നാണ് വെടിയുതിർത്തതെന്ന് വീഡിയോയിൽ നിന്ന് വ്യക്തമായിരുന്നു. ഇതിന് പിന്നാലെ, തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചവർ തന്നെ ഫോണിൽ വിളിച്ച് 500,000 കനേഡിയൻ ഡോളർ ആവശ്യപ്പെട്ടതായും 24 മണിക്കൂറിനകം പണം നൽകിയില്ലെങ്കിൽ കുടുംബത്തിന് അപകടമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. “ആദ്യം അവർ എനിക്ക് വീഡിയോ അയച്ചു, എന്നിട്ട് വിളിച്ചു,” അദ്ദേഹം പറഞ്ഞു. പണം നൽകാൻ കഴിയില്ലെന്ന് അറിയിച്ചപ്പോൾ കുടുംബത്തിന് ജീവഹാനിയുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സമീപത്തെ വീടുകളിലെ സുരക്ഷാ കാമറകളിലും വെടിവെപ്പ് ദൃശ്യം പതിഞ്ഞിട്ടുണ്ട്. അക്രമികൾ എട്ട് റൗണ്ട് വെടിയുതിർത്തതായും വാഹനങ്ങൾക്കും ഗാരേജിനും കേടുപാടുകൾ സംഭവിച്ചതായും പോലീസ് അറിയിച്ചു. തൻ്റെ കുടുംബത്തിൻ്റെ സുരക്ഷയെ ഭയന്ന് സാൻ്റ്വുഡ് പാർക്ക്വേയ്ക്കും ക്രെഡിറ്റ്വ്യൂ റോഡിനും സമീപമുള്ള വീട് ഒഴിഞ്ഞുതാമസിപ്പിക്കുകയാണെന്നും ഇനിയും അവിടെയെത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ സംഭവം ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധപ്പെട്ട് കാനഡയിൽ നടക്കുന്ന ആദ്യത്തെ അക്രമമല്ല. ഇതിനു മുൻപ് ലോറൻസ് ബിഷ്ണോയി സംഘം കോമഡി താരം കപിൽ ശർമ്മയുടെ കഫേയ്ക്ക് നേരെ വെടിവെപ്പ് നടത്തിയതായി അവകാശപ്പെട്ടിരുന്നു. ജീവനക്കാരെ ചൂഷണം ചെയ്യുന്നതും ഭീഷണിപ്പെടുത്തി പണം തട്ടുന്നതുമാണ് അന്ന് അവർ കാരണമായി പറഞ്ഞിരുന്നത്.



