കേരളം

ഷീലയ്ക്കും പികെ മേദിനിക്കും വയോസേവന പുരസ്‌കാരം

തിരുവനന്തപുരം : ഈ വർഷത്തെ വയോസേവന അവാർഡുകൾ പ്രഖ്യാപിച്ചു. നടി ഷീലയും ഗായിക പി കെ മേദിനിയും ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരങ്ങൾക്ക് അർഹരായി. ഒരു ലക്ഷം രൂപയാണ് പുരസ്‌കാര തുക. വയോജനക്ഷേമ പ്രവർത്തനങ്ങളിലെ ഈടുറ്റ സംഭാവനകൾക്ക് വയോജന കമ്മീഷൻ അംഗം കൂടിയായ അമരവിള രാമകൃഷ്ണനെ പ്രത്യേക ആദരത്തിന് തിരഞ്ഞെടുത്തതായും മന്ത്രി ബിന്ദു പറഞ്ഞു.

അറുപതുകളുടെ ആരംഭത്തിൽ സിനിമയിലെത്തിയ ഷീല, രണ്ടു പതിറ്റാണ്ടിലേറെ കാലം വെള്ളിത്തിരയിൽ നിറസാന്നിദ്ധ്യമായിരുന്നു. ജെ സി ഡാനിയേൽ പുരസ്‌കാരവും നിരവധി തവണ ദേശീയ-സംസ്ഥാന അവാർഡുകളും തേടിയെത്തിയിട്ടുള്ള ചലച്ചിത്ര പ്രതിഭയാണ്. ഗായികയും സംഗീതജ്ഞയും എന്നതിനൊപ്പം പുന്നപ്ര വയലാർ സ്വാതന്ത്ര്യസമര സേനാനിയായും ചരിത്രത്തിൽ ഇടം നേടിയ പി കെ മേദിനി, കേരള സംഗീത നാടക അക്കാദമി അവാർഡും ജനകീയ ഗായിക അവാർഡും കാമ്പിശ്ശേരി പുരസ്‌കാരവും അടക്കം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

മുതിർന്ന പൗരന്മാരുടെ ക്ഷേമം ലക്ഷ്യമാക്കി സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ രൂപീകരിക്കുന്നതിന് നേതൃത്വം വഹിക്കുകയും, ഇക്കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി വയോജനങ്ങൾക്കായുള്ള നിരവധി പദ്ധതികളുടെ രൂപീകരണത്തിന് ഇക്കാലയളവുകളിലെ സർക്കാരുകൾക്ക് വയോജനതയുടെ സഹായസഹകരണങ്ങൾ ഉറപ്പാക്കുകയും ചെയ്‌തുപോരുന്ന വ്യക്തിത്വമാണ് പ്രത്യേകാദരത്തിന് തെരഞ്ഞെടുക്കപ്പെട്ട അമരവിള രാമകൃഷ്‌ണൻ.

മികച്ച കോർപ്പറേഷനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്ക്കാരം ദക്ഷിണേഷ്യയിലെ ആദ്യ വയോജന സൗഹൃദ നഗരമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച കൊച്ചി കോർപ്പറേഷനാണ്. ലോകാരോഗ്യ സംഘടന ജനീവയിൽ നടത്തിയ ലീഡർഷിപ്പ് ഉച്ചകോടിയിലാണ് കൊച്ചിയ്ക്ക് അംഗീകാരം ലഭിച്ചിരുന്നത്.

പൊതുസ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും വയോജന സൗഹൃദ സൗകര്യങ്ങൾ ഏർപ്പെടുത്തിയതടക്കമുള്ള പ്രവർത്തനമികവിന് – ആരോഗ്യകേന്ദ്രങ്ങളിൽ വയോജന സൗഹൃദ പ്രവേശന മാർഗ്ഗങ്ങൾ, കാത്തിരിപ്പ് മുറികൾ, ഇരിപ്പിട സൗകര്യങ്ങൾ, കുടിവെള്ള സൗകര്യം, ശുചിമുറികൾ തുടങ്ങിയവ സജ്ജമാക്കി – മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്കാരം കാസർഗോഡ് നേടി.

വാതിൽപ്പടി സേവനത്തിലും കുടുംബശ്രീ സംവിധാനം ഉപയോഗപ്പെടുത്തുന്നതിലും ഉള്ള മികവോടെ വയോജന സൗഹൃദ നഗരസഭയായി പ്രവർത്തിക്കുന്ന നെടുമങ്ങാട് നഗരസഭയെ മികച്ച മുനിസിപ്പാലിറ്റിയായി തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയാണ് പുരസ്‌കാരം.

മൊബൈൽ ആരോഗ്യക്ലിനിക്ക് സേവനങ്ങൾ എത്തിക്കുകയും വയോജനങ്ങൾക്ക് വിജ്ഞാനത്തിനും വിനോദത്തിനും ഹാപ്പിനെസ്സ് കോർണർ സജ്ജമാക്കുകയും ചെയ്‌തതടക്കമുള്ള പ്രവർത്തനങ്ങൾക്ക് മാനന്തവാടിയെ മികച്ച ബ്ലോക്ക് പഞ്ചായത്തായും (ഒരു ലക്ഷം രൂപ പുരസ്‌കാരം), വയോജനങ്ങൾക്ക് സൗജന്യ ഡയാലിസിസ്, വാർഡുകളിൽ വയോജന ക്ലബ്ബ്, വയോജന പാർക്ക് തുടങ്ങിയവ സ്ഥാപിച്ച ഒളവണ്ണയെ മികച്ച ഗ്രാമപഞ്ചായത്തായും (ഒരു ലക്ഷം രൂപ പുരസ്‌കാരം) തിരഞ്ഞെടുത്തു.

മികച്ച എൻജിഒക്കുള്ള പുരസ്ക്കാരം, വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പുകൾ, ഫിസിയോ തെറാപ്പി കേന്ദ്രങ്ങൾ, കൗൺസലിംഗ് സേവനങ്ങൾ, ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന റെസിഡൻഷ്യൽ കെയർ ഹോമുകൾ എന്നിവ നടത്തിവരുന്ന കണ്ണൂരിലെ ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റിനു കീഴിലുള്ള ഖിദ്‌മ തണൽ സ്നേഹവീടിനാണ്. അര ലക്ഷം രൂപയാണ് പുരസ്കാരം.

നാഷണൽ സർവീസ് സ്‌കീം സന്നദ്ധപ്രവർത്തകരെ വൃദ്ധസദനങ്ങളുമായി സംയോജിപ്പിച്ച് ‘തിരികെ’ എന്ന ജില്ലാതല പദ്ധതിയും, വയോജനങ്ങൾക്ക് സാമൂഹ്യ ഉൾച്ചേർക്കലും ഉപജീവനം മെച്ചപ്പെടുത്തലും ഉറപ്പാക്കുന്ന ‘കൂടെ’ പദ്ധതിയും പോലുള്ള മികവാർന്ന പ്രവർത്തനങ്ങൾക്ക്, മികച്ച മെയിന്റനൻസ് ട്രിബ്യൂണലിനുള്ള പുരസ്കാരം തൃശൂർ മെയിന്റനൻസ് ട്രിബ്യൂണൽ നേടി. അര ലക്ഷം രൂപയാണ് പുരസ്കാരം.

മികച്ച മാലിന്യസംസ്കരണ പ്രവർത്തനത്തിന് കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ അംഗീകാരം നേടിയ, മാതൃകാ സായംപ്രഭാ പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ച വെച്ച, കോഴിക്കോട് കോർപ്പറേഷനു കീഴിലെ കുണ്ടൂപ്പറമ്പ് സായംപ്രഭാ ഹോമിനാണ് മികച്ച സർക്കാർ വൃദ്ധസദനം/സായംപ്രഭാ ഹോം മേഖലയ്ക്കുള്ള പുരസ്കാരം. അര ലക്ഷം രൂപയാണ് സമ്മാനം.

കല-സാഹിത്യം-സംസ്‌കാരം മേഖലയിൽ വിഖ്യാത കഥാപ്രസംഗ കലാകാരനായ ‌തൃക്കുളം കൃഷ്‌ണൻകുട്ടിയെയും, പൂതംകളി കലാരംഗത്തെ സജീവ സാന്നിദ്ധ്യമായ അമ്പലപ്പടിക്കൽ നാരായണനെയും പുരസ്‌ക്കാരത്തിന് തിരഞ്ഞെടുത്തു. കാൽ ലക്ഷം രൂപ വീതമാണി ഈ പുരസ്കാരങ്ങൾ.

കായിക മേഖലയിലെ മികവിന് ഇന്റർനാഷണൽ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് അയോദ്ധ്യ, നാഷണൽ മാസ്‌റ്റേഴ്‌സ് ഗെയിംസ് ധർമ്മശാല തുടങ്ങി ഒട്ടേറെ കായിക അരങ്ങുകളിൽ മെഡലുകൾ സ്വന്തമാക്കിയ ഇരവി ഗോപാലകൃഷ്ണൻ, ബ്റൂണെ മാസ്‌റ്റേഴ്‌സ് ഓപ്പൺ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്, മലേഷ്യൻ ഇന്റർനാഷണൽ മാസ്‌റ്റേഴ്‌സ് ഓപ്പൺ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്, ഗോവ റിവർ മാരത്തൺ ചാമ്പ്യൻഷിപ്പ് തുടങ്ങി നിരവധി അന്താരാഷ്ട്ര കായികവേദികളിൽ സമ്മാനിതനായ വി വാസു എന്നിവർക്ക് പുരസ്ക്കാരം നൽകും. കാൽ ലക്ഷം രൂപ വീതമാണീ പുരസ്കാരങ്ങളും.

വയോജനമേഖലയിൽ ശ്ലാഘനീയമായി സേവനം കാഴ്ചവെച്ചിട്ടുള്ള മുതിർന്ന പൗരൻമാർക്കും, വിവിധ സർക്കാർ -സർക്കാരിതര വിഭാഗങ്ങൾക്കും കലാകായിക സാംസ്കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരന്മാർക്കും സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള വയോസേവന അവാർഡുകളാണ് മന്ത്രി ആർ ബിന്ദു വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്.

ക്യാഷ് അവാർഡിനൊപ്പം പ്രശസ്തിപത്രവും മെമൻ്റോയും ഉൾപ്പെട്ടതാണ് പുരസ്ക്കാരങ്ങൾ. ഒക്ടോബർ മൂന്നിന് തൃശൂരിൽ നടക്കുന്ന സംസ്ഥാനതല വയോജനദിനാചരണ ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button