അന്തർദേശീയം

‘നിങ്ങള്‍ മത്സരിക്കുന്നത് ജോ ബൈഡനെതിരെയല്ല, എന്നോടാണ്’; ട്രംപുമായുള്ള സംവാദത്തില്‍ ആഞ്ഞടിച്ച് കമല ഹാരിസ്

വാഷിങ്ടണ്‍ : യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആദ്യ സംവാദത്തില്‍ ഡോണള്‍ഡ് ട്രംപിനെതിരെ കമല ഹാരിസിന് മേല്‍ക്കൈ എന്നു വിലയിരുത്തല്‍. നിലവിലെ ഭരണത്തെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ ആക്രമണങ്ങളില്‍ അധികവും. എന്നാല്‍ നിങ്ങള്‍ മത്സരിക്കുന്നത് ജോ ബൈഡനെതിരെയല്ല, എനിക്കെതിരെയാണെന്നായിരുന്നു കമലാ ഹാരിസിന്റെ മൂര്‍ച്ചയേറിയ മറുപടി.

ചൊവ്വാഴ്ച രാത്രി നടന്ന സംവാദത്തില്‍ ഞാന്‍ കമല ഹാരിസ് എന്ന് പറഞ്ഞ് ഹസ്തദാനം നല്‍കിയാണ് കമല സംസാരിച്ച് തുടങ്ങിയത്. ഒന്നര മണിക്കൂര്‍ നീണ്ട സംവാദത്തില്‍ ട്രംപ് ബൈഡനെക്കുറിച്ച് സൂചിപ്പിച്ചപ്പോഴൊക്കെ ഞാന്‍ ജോ ബൈഡനല്ല, ഞാന്‍ കമല ഹാരിസാണെന്ന് നിരന്തരം ഓര്‍മിപ്പിച്ചു. അമേരിക്കക്ക് ആവശ്യമുള്ള പുതു തലമുറയുടെ വക്താവാണ് താനെന്നായിരുന്നു കമലയുടെ വാക്കുകള്‍.

ഭാവിയും ഭൂതവും എന്നിങ്ങനെ രണ്ട് തലങ്ങളാണ് ഇന്ന് രാജ്യത്തെക്കുറിച്ച് ചിന്തിക്കേണ്ടത്. ഞങ്ങള്‍ പിന്നോട്ടില്ല. ലോക നേതാക്കള്‍ ട്രംപിനെ നോക്കി ചിരിക്കുകയാണെന്നും കമല ആരോപിച്ചു. സൈനികരോട് സംസാരിക്കുമ്പോള്‍ മനസിലാകുന്ന ചില കാര്യങ്ങളുണ്ട്. അവരില്‍ ചിലര്‍ നിങ്ങളോടൊപ്പം പ്രവര്‍ത്തിച്ചവരാണ്. നിങ്ങള്‍ കളങ്കിതനാണെന്നാണ് അവര്‍ പറയുന്നതെന്നും കമല ഹാരിസ് വിമര്‍ശിച്ചു. എന്നാല്‍ നിങ്ങള്‍ അത് ചെയ്യാന്‍ പോകുന്നു, ഇത് ചെയ്യാന്‍ പോകുന്നു എന്നു പറയുന്നതല്ലാതെ ഈ കഴിഞ്ഞ മൂന്നര വര്‍ഷമായി ഇവിടെ തന്നെയുള്ള കമല ഹാരിസ് എന്ത് കൊണ്ട് ഇതൊന്നും ചെയ്തില്ലെന്ന് ട്രംപ് തിരിച്ചടിച്ചു.

ചൂടുപിടിച്ച സംവാദത്തില്‍ പല തവണ ഡിബേറ്റ് ഓപ്പറേറ്റര്‍മാര്‍ ഫാക്ട് ചെക്ക് നടത്തേണ്ടി വന്നു. ഗര്‍ഭധാരണ വിഷയമായിരുന്നു കമല ഹാരിസ് ട്രംപിനെതിരെ ഉപയോഗിച്ച പ്രധാന ചാട്ടുളി. ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ ദേശീയ ഗര്‍ഭ ഛിദ്ര നിരോധന ബില്‍ പാസാക്കും. നിങ്ങളുടെ ഗര്‍ഭ ധാരണവും അബോര്‍ഷനും എല്ലാം നിരീക്ഷിക്കുന്ന ഒരു സംവിധാനം ഉണ്ടാകും. സ്വന്തം ശരീരത്തെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് ഗവണ്‍മെന്റല്ലെന്ന് അമേരിക്കന്‍ ജനത വിശ്വസിക്കുന്നുവെന്ന് കരുതുന്നുവെന്നും കമല ഹാരിസ് പറഞ്ഞു.

അതേസമയം അബോര്‍ഷന്‍ നയം തീരുമാനിക്കേണ്ടത് സംസ്ഥാനങ്ങളാണെന്നായിരുന്നു ഇതിന് മറുപടിയായി ട്രംപ് പറഞ്ഞത്. കമല പറയുന്നതെല്ലാം ശുദ്ധ നുണയാണെന്നും നിരോധനത്തില്‍ ഒപ്പിടില്ലെന്നും ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും എല്ലാ നിയമപണ്ഡിതരും ഇത് സംസ്ഥാനങ്ങള്‍ക്ക് വിടാനാണ് നിര്‍ദേശിക്കുന്നതും ആഗ്രഹിക്കുന്നതും, ട്രംപ് പറഞ്ഞു. അമേരിക്കന്‍ ജനതയെ ഒരുമിച്ച് നിര്‍ത്തുകയാണ് ആവശ്യം. രാജ്യത്തെ തിരിച്ചു പിടിക്കുകയാണ് വേണ്ടതെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ എല്ലാ അമേരിക്കക്കാരുടേയും പ്രസിഡന്റായിരിക്കും താനെന്നാണ് കമല ഹാരിസ് മറുപടി പറഞ്ഞത്. കമല ഹാരിസ് ഒരു മാക്‌സിസ്റ്റാണ്. അത് എല്ലാവര്‍ക്കും അറിയാം. കമല തെരഞ്ഞെടുക്കപ്പെട്ടാല്‍ അത് രാജ്യത്തിന്റെ അവസാനമായിരിക്കും. അവരുടെ പിതാവ് സാമ്പത്തിക ശാസ്ത്രത്തില്‍ പ്രൊഫസറാണ്. മാത്രമല്ല മാക്‌സിസ്റ്റും. അത് അവരെ നന്നായി പഠിപ്പിച്ചു എന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ട്രംപിന്റെ നയങ്ങള്‍ അമേരിക്കയെ തകര്‍ക്കുകയായിരുന്നുവെന്ന് കമല ഹാരിസും തിരിച്ചടിച്ചു. ട്രംപിനെതിരെയുള്ള ക്രിമിനല്‍ കുറ്റങ്ങളടക്കം കമല ഹാരിസ് ആയുധമാക്കി. അഭയാര്‍ഥി പ്രശ്‌നമാണ് ട്രംപ് കമലയ്‌ക്കെതിരെ ഉപയോഗിച്ചത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 6.30ന് ഫിലാഡെല്‍ഫിയയിലായിരുന്നു സംവാദം. എബിസി ന്യൂസായിരുന്നു ആതിഥേയര്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button