എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം

തിരുവനന്തപുരം : 35-ാമത് എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കം. ഇന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിനിധി സമ്മേളനം ക്യൂബൻ അംബാസിഡർ ജുവാൻ കാർലോസ് മാർസൻ അഗ്യുലേരയും ഉദ്ഘാടനം ചെയ്യും.
വിവിധ ജില്ലകളിലെ രക്തസാക്ഷി മണ്ഡപങ്ങളിൽ നിന്ന് കൊടിമര പതാക ദീപശിഖാ ജാഥകൾ ഇന്നലെ സമ്മേളന നഗരിയിൽ എത്തിയതോടെ ഔദ്യോഗികമായി സമ്മേളനത്തിന് തുടക്കമായി.
ഇന്ന് രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ശേഷം വൈകുന്നേരം നാലരയ്ക്ക് എകെജി ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം. 14 ജില്ലകളിൽ നിന്നായി 503 പ്രതിനിധികളും, 71 സംസ്ഥാന കമ്മിറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും. ലക്ഷദ്വീപിൽ നിന്നും മൂന്ന് പ്രതിനിധികളുണ്ട്. സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.
പൊതു ചർച്ചയിൻമേലുള്ള മറുപടിക്ക് ശേഷം പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കും. രണ്ട് ടേം പൂർത്തിയാക്കിയ നിലവിലെ സെക്രട്ടറി ആർഷോ സ്ഥാനം ഒഴിയും. നിലവിലെ പ്രസിഡൻ്റ് അനുശ്രീയെ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ആലപ്പുഴ ജില്ലാ സെക്രട്ടറി ശിവപ്രസാദ് കണ്ണൂർ ജില്ലയിൽ നിന്നുള്ള സഞ്ജീവ് എന്നിവരുടെ പേരുകളും സംസ്ഥാന ഭാരവാഹി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്.