ബല്ലൂട്ട ബേയിലേക്കുള്ള ഡ്രെയിനേജിലെ ചോർച്ച തടഞ്ഞു , നീന്തൽ അനുമതിക്കായി കാത്തിരിക്കണം
ബല്ലൂട്ട ബേയിലേക്കുള്ള ഡ്രെയിനേജിലെ ചോര്‍ച്ച തടഞ്ഞതായി വാട്ടര്‍ സര്‍വീസ് കോര്‍പ്പറേഷന്‍. ഡ്രെയിനേജ് സംവിധാനത്തിനുണ്ടായ ചോര്‍ച്ച അടച്ചതായും കാലപ്പഴക്കം മൂലമാണ് പൈപ്പുകള്‍ തകര്‍ന്നതെന്നും ഡബ്ല്യുഎസ്സി) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ അനുമതി ലഭിക്കുന്നതുവരെ ബല്ലൂട്ട ബേ നീന്തലിനായി തുറന്നു നല്കില്ല. ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് മെയ് മുതല്‍ ബല്ലൂട്ട ബേ അടച്ചിരിക്കുകയാണ്.
രണ്ടു കേസുകളില്‍ നിന്നാണ് ബല്ലൂട്ട ബേ മലിനമാക്കപ്പെട്ടത് എന്നാണു വാട്ടര്‍ സര്‍വീസ് കോര്‍പ്പറേഷന്റെ നിഗമനം. അതില്‍; പ്രധാനം, പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ വരുന്ന മലിന ജല തുരങ്കത്തിലെ ചോര്‍ച്ചയാണ്. ഇതാണ് നിലവില്‍ ഡബ്ല്യുഎസ്സിയും വ്യത്യസ്ത വകുപ്പുകളും സംയുക്തമായി അറ്റകുറ്റപ്പണി നടത്തിയത്. തുരങ്കത്തിലെ വിള്ളലുകള്‍ കാരണം മലിനജലം അതിലേക്ക് ഒഴുകുകയും ഒടുവില്‍ കടലില്‍ എത്തുകയും ചെയ്തുവെന്ന് വാട്ടര്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ സിഇഒ കാള്‍ സിലിയ പറഞ്ഞു. രണ്ടാമത്തേത് ഒരു വാണിജ്യ സ്ഥാപനത്തില്‍ നിന്നുള്ള മാലിന്യമൊഴുക്കല്‍ ആയിരുന്നു.