കേരളം

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തിനായി ചേരിതിരിഞ്ഞ് കരുനീക്കങ്ങൾ നീക്കി മുതിർന്ന നേതാക്കൾ; സജീവ പരിഗണനയില്‍ 5 പേര്‍

തിരുവനന്തപുരം : സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണങ്ങളുടെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വച്ചതോടെ പുതിയ അധ്യക്ഷനെ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുന്നു. പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തിനായി അടി തുടങ്ങി ഗ്രൂപ്പുകളും നേതാക്കളും. തങ്ങൾ പിന്തുണക്കുന്ന വ്യക്തിക്കായി ഗ്രൂപ്പ് നീക്കം സജീവമാണ്. തങ്ങൾക്ക് ഒപ്പം നിൽക്കുന്നവർക്കായി മുതിർന്ന നേതാക്കൾ കളത്തിൽ ഇറങ്ങി കളിക്കുന്നുണ്ട്. അഞ്ച് പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്. അബിൻ വർക്കി, ജെഎസ് അഖിൽ, കെ എം അഭിജിത്ത്, ബിനു ചുള്ളിയിൽ, ഒ ജെ ജിനീഷ് എന്നിവർക്ക് വേണ്ടിയാണ് ചേരിതിരിഞ്ഞുള്ള നീക്കങ്ങൾ.

അഭിജിത്തിനും അഖിലിനുമായി എ വിഭാഗം ചടുലനീക്കങ്ങൾ നടത്തുമ്പോൾ, ബിനു ചുള്ളിയിലിനായി കെ സി പക്ഷമാണ് രംഗത്തുള്ളത്. അബിൻ വർക്കിക്കായി രമേശ് ചെന്നിത്തലയും കളത്തിലിറങ്ങിയിട്ടുണ്ട്. എന്നാല്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പദവി വഹിക്കുന്ന അബിന്‍ വര്‍ക്കിക്ക് സമുദായ സമവാക്യം പ്രതികൂല ഘടകമാണ്. കെപിസിസി പ്രസിഡന്റ്, മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ്, കെ എസ് യു പ്രസിഡന്റ് എന്നിവര്‍ ന്യൂനപക്ഷ സമുദായത്തെ പ്രതിനിധീകരിക്കുന്നവവരാണ്. ഈ സാഹചര്യത്തില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും മറ്റൊരു നേതാവ് പോഷക സംഘടനയുടെ അധ്യക്ഷ സ്ഥാനത്ത് എത്തുന്നത് വിമര്‍ശനത്തിന് ഇടയാക്കും.

കെ സി വേണുഗോപാലുമായി അടുപ്പമുള്ള വ്യക്തികള്‍ എന്ന നിലയില്‍ ഒ ജെ ജിനീഷ്, ബിനു ചുള്ളിയില്‍ എന്നിവ‍ർക്ക് സാധ്യതയേറുന്നു. കെ എം അഭിജിത്ത്, ജെ എസ് അഖില്‍ നിലവിലുള്ള സംസ്ഥാന കമ്മിറ്റിയില്‍ ഇല്ലെങ്കിലും ദേശീയ നേതൃത്വം അവരുടെ പേരുകളും പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അന്തരിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തെ നിര്‍ദേശിച്ച വ്യക്തിയാണ് ജെ എസ് അഖില്‍. ഷാഫി പറമ്പില്‍, വി ഡി സതീശന്‍ എന്നിവരായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് നിര്‍ദേശിച്ചത്.

രാഹുൽ മാങ്കൂട്ടത്തിൽ വരുത്തിവച്ച വിവാദങ്ങളിൽ പൂർണ്ണമായി പ്രതിരോധത്തിലായിരിക്കുകയാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം. ഉയർന്നു വന്ന വിവാദങ്ങളിലും പരാതികളിലും രാഹുലിനെ സതീശൻ അടക്കമുള്ള നേതാക്കൾ സംരക്ഷിക്കാൻ ശ്രമിച്ചതിലും എഐസിസി നേതൃത്വത്തിനും അതൃപ്തിയുണ്ട്. അതേസമയം, വിഷയത്തിൽ അന്വേഷണത്തിന് കോൺഗ്രസ് സമിതി രൂപീകരിച്ചിട്ടുണ്ട്. രാഹുലിനെതിരായ ആരോപണങ്ങൾ സമിതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കും.

രാഹുൽ എംഎൽഎ സ്ഥാനവും രാജിവെക്കണമെന്ന് മുതിർന്ന നേതാക്കൾക്കിടയിൽ ശക്തമായ ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ സംഘടനാപരമായ നടപടി മാത്രം മതിയെന്നാണ് സതീശൻ അനുകൂലികളുടെ നിലപാട്. തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കെ പാർട്ടിയെയും യുഡിഎഫിനെയും രാഹുൽ – ഷാഫി – സതീശൻ കോക്കസ് പ്രതിസന്ധിയിലാക്കി എന്ന വിമർശനമാണ് മുതിർന്ന നേതാക്കൾ ഉന്നയിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button