ദേശീയം

പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

കൊല്‍ക്കത്ത: മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. 80 വയസായിരുന്നു. . ബംഗാള്‍ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ആണ് മരണവിവരം അറിയിച്ചത്.തെക്കൻ കൊൽക്കത്തയിലെ അദ്ദേഹത്തിന്റെ വസതിയിൽ വ്യാഴാഴ്ച രാവിലെ 8.20 ഓടെയായിരുന്നു അന്ത്യം.

2000 മുതല്‍ 2011വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു. ജ്യോതിബസു സജീവരാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് ബംഗാള്‍ മുഖ്യമന്ത്രിയാകുന്നത്. 35 വര്‍ഷം നീണ്ടുനിന്ന സിപിഎം ഭരണത്തിലെ അവസാന മുഖ്യമന്ത്രിയായിരുന്നു ബുദ്ധദേബ്. ദീര്‍ഘനാളായി വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബാലിഗഞ്ച് ഏരിയയിലെ രണ്ട് മുറികളുള്ള ഒരു ചെറിയ സർക്കാർ അപ്പാർട്ട്‌മെന്റിലാണ് താമസിച്ചിരുന്നത്. സിഒപിഡി. (ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമണറി ഡിസീസ്)യും വാർധക്യസഹജമായ മറ്റ് രോഗങ്ങളും കാരണം അദ്ദേഹം പൊതുപ്രവർത്തന രംഗത്ത് കുറച്ചുകാലമായി സജീവമായിരുന്നില്ല.

1944 മാർച്ച് ഒന്നിന് വടക്കൻ കൊൽക്കത്തയിൽ ഭട്ടാചാര്യ ജനിച്ചത്. 1966-ൽ സിപിഎമ്മിൽ പ്രാഥമിക അംഗമായി. 1968ൽ പശ്ചിമബംഗാൾ ഡെമോക്രാറ്റിക്ക് യൂത്ത് ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയായി. 71ൽ സിപിഎം സംസ്ഥാന കമ്മറ്റി അംഗവും 82ൽ സെക്രട്ടറിയേറ്റ് അംഗവുമായി. 1984 മുതൽ പാർട്ടി കേന്ദ്രകമ്മറ്റിയിലെ സ്ഥിരം ക്ഷണിതാവാണ്. 1985ൽ കേന്ദ്രകമ്മറ്റി അംഗമായി. 2000 മുതൽ പൊളിറ്റ് ബ്യൂറോ അംഗത്വം.

1977ൽ കോസിപുരിൽനിന്ന് ആദ്യമായി നിയമസഭാംഗമായി. 1987ൽ പരാജയപ്പെട്ടെങ്കിലും അതേവർഷം തന്നെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് മന്ത്രിയായി. 1987–96 കാലത്തു വാർത്താവിനിമയ, സാംസ്കാരിക വകുപ്പും 1996–99 കാലത്ത് ആഭ്യന്തരവും കൈകാര്യം ചെയ്തു. 2000 ജൂലൈയിൽ ഉപമുഖ്യമന്ത്രിയായി. അതേ വർഷം നവംബറിൽ ആരോഗ്യകാരണങ്ങളാൽ ജ്യോതിബസു സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് മുഖ്യമന്ത്രിയായി. ഭാര്യ: മീര. മകൾ സുചേതന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button