സുരക്ഷാ ഭീഷണി ഉള്ളതിനാൽ വാട്സാപ് വിപണി വിടണം : റഷ്യൻ ഐടി ഡപ്യൂട്ടി മേധാവി

മോസ്കോ : വാട്സാപ് റഷ്യൻ വിപണി വിടാൻ തയാറാകണമെന്ന് റഷ്യൻ പാർലമെന്റിലെ ഇന്‍ഫർമേഷൻ ടെക്നോളജി കമ്മിറ്റിയുടെ ഡപ്യൂട്ടി മേധാവി ആന്റൺ ഗൊറെൽകിൻ. മെറ്റാ പ്ലാറ്റ്‌ഫോമുകളുടെ ഉടമസ്ഥതയിലുള്ള മെസേജിങ് ആപ്പുകൾ നിയന്ത്രിത സോഫ്റ്റ് വെയറുകളുടെ പട്ടികയിൽ ഉള്‍പ്പെടുത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് മുന്നറിയിപ്പ്.
‘‘വാട്സാപ് റഷ്യൻ വിപണി വിടാൻ തയാറാകേണ്ട സമയമായി’’. ഗൊറെൽകിൻ പറഞ്ഞു. വാട്സാപ്പ് റഷ്യൻ വിപണി വിട്ടാൽ റഷ്യൻ പിന്തുണയുള്ള ആപ്പിന് കൂടൂതൽ വിപണി വിഹിതം ലഭിക്കുമെന്നും ആന്റൺ ഗൊറെല്കിൻ പറഞ്ഞു.
ടെലിഗ്രാം, വാട്സാപ്, എക്സ് തുടങ്ങിയ ആപ്പുകളുടെ ഉപയോഗം കുറയ്ക്കാൻ മോസ്കോ ശ്രമങ്ങൾ നടത്തുന്നതിനാൽ റഷ്യൻ പിന്തുണയുള്ള പ്ലാറ്റ്ഫോമുകൾ വികസിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. സർക്കാരിന്റെ അധികാരത്തിലുള്ള അനൗപചാരികമായി ‘വ്ലാഡ്സ് ആപ്പ്’ എന്ന് അറിയപ്പെടുന്ന പ്ലാറ്റ്ഫോം നിർമിക്കാനായി അംഗീകാരം നൽകുന്ന നിയമത്തിൽ കഴിഞ്ഞ മാസം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഒപ്പുവച്ചിരുന്നു. വിദേശ പ്ലാറ്റ്ഫോമുകളിന് മേലുള്ള ആശ്രയം കുറയ്ക്കാനും ഡിജിറ്റൽ മേഖലയിലുള്ള നിയന്ത്രണം കർശനമാക്കാനുമാണ് പദ്ധതി മുന്നോട്ടുവയ്ക്കുന്നത്. 2022 മുതൽ മെറ്റയുടെ ഫെയ്സ്ബുക്കും, ഇൻസ്റ്റഗ്രാമും റഷ്യയിൽ നിരോധിച്ചിരുന്നു.