അന്തർദേശീയം

ഗസ്സ വെടിനിർത്തൽ : രണ്ടാം ബന്ദിമോചനം ഇന്ന്

ഗസ്സ സിറ്റി: വെടിനിർത്തൽ കരാർ ആദ്യഘട്ടത്തിന്‍റെ ഭാഗമായുള്ള രണ്ടാം ബന്ദി മോചനം ഇന്ന്​ വൈകീട്ട്​. നാല്​ വനിതാ ബന്ദികളെ ഹമാസ്​ കൈമാറും. കരീന അരീവ്​, ഡാനില ഗിൽബോ, നാമ ലെവി, ലിറി അൽബാഗ്​ എന്നീ വനിതാ ബന്ദികളെയാണ്​ ഹമാസ്​ അന്താരാഷ്ട്ര റെഡ്​ ക്രോസിന്​ ഹമാസ്കൈ​ മാറുക. തുടർന്ന്​ റെഡ്​ക്രോസ്​ സംഘം ഇവരെ ഇസ്രായേൽ സൈന്യത്തിന്​ വിട്ടുകൊടുക്കും.

180 ഫലസ്തീൻ തടവുകാരെ ഇസ്രായേലും വിട്ടയക്കും. അടുത്ത ആഴ്ചയാകും തുടർന്നുള്ള ബന്ദി കൈമാറ്റവും തടവുകാരെ വിട്ടയക്കലും.

42 ദിവസം നീളുന്ന ആദ്യഘട്ടത്തിൽ 33 ബന്ദികളെ ഹമാസ്​ കൈമാറണം എന്നാണ്​ വ്യവസ്ഥ. എല്ലാ ബന്ദികളെയും തിരിച്ചെത്തിക്കാൻ​ സർക്കാറിൽ സമ്മർദം ചെലുത്താൻ പ്രക്ഷോഭ പരിപാടികൾ തുടരാൻ ബന്ദികളുടെ ബന്ധുക്കൾ തീരുമാനിച്ചു. വെടിനിർത്തലിന്‍റെ രണ്ടും മൂന്നും ഘട്ടങ്ങൾ നടപ്പാക്കാനുള്ള തീരുമാനത്തിൽനിന്ന്​ പിറകോട്ടു പോകരുതെന്നും അവർ നെതന്യാഹു സർക്കാറിനോട്​ ആവശ്യപ്പെട്ടു.

അതേസമയം, വെസ്റ്റ്​ ബാങ്കിലെ ജെനിൻ നഗരത്തിൽ ​ആക്രമണം കൂടുതൽ രൂക്ഷമാക്കി ഇസ്രായേൽ. ജെനിനിൽ വാഹനത്തിനു നേരെ വ്യോമാക്രമണം നടത്തിയാണ്​ രണ്ട്​ ഫലസ്തീൻകാരെ കൊലപ്പെടുത്തിയത്​. ഇതോടെ 5 ദിവസത്തിനിടെ കൊല്ലപ്പെടുന്ന ഫലസ്തീനികളുടെ എണ്ണം 16 ആയി.

ഗസ്സയിലേക്ക്​ കുടിവെള്ളവും മറ്റു സാമഗ്രികളും കൂടുതലായി എത്തിക്കാൻ അടിയന്തര നടപടി വേണമെന്ന്​ യു.എൻ ഏജൻസികൾ ആവശ്യപ്പെട്ടു. ശൈത്യം കാരണം ഗസ്സയിൽ പിന്നിട്ട ഒരാഴ്ചക്കിടെ 7 കുട്ടികൾ മരണപ്പെട്ടതായും യു.എൻ ഏജൻസികൾ വെളിപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button