അനധികൃത കുടിയേറ്റം : യുഎസില്‍ നിന്നുള്ള ഇന്ത്യക്കാരുടെ രണ്ടാം സംഘം ഈയാഴ്ച എത്തും

ന്യൂഡല്‍ഹി : അനധികൃത കുടിയേറ്റം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി യുഎസില്‍ നിന്നും കൂടുതല്‍ ഇന്ത്യക്കാരെ തിരിച്ചയക്കുന്നു. ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘം ഈ ആഴ്ച നാട്ടിലെത്തും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശത്തിന് പിന്നാലെയാണ് പുതിയ സംഘത്തിന്റെ മടക്കം. 119 പേരടങ്ങുന്ന രണ്ടാമത്തെ സംഘം നാളെയും മറ്റന്നാളുമായി ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ട് വിമാനങ്ങളിലായി ഇവരെ അമൃതസറില്‍ എത്തിക്കും. പുതിയ സംഘത്തില്‍ പഞ്ചാബില്‍ നിന്നുള്ള 67 പേരും ഹരിയാനയില്‍ നിന്നുള്ള 33 പേരും ഉള്‍പ്പെടുന്നു. ഗുജറാത്ത് (8), ഉത്തര്‍ പ്രദേശ് (3), രാജസ്ഥാന്‍ (2), മഹാരാഷ്ട്ര (2), ജമ്മു കശ്മിര്‍, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒരോ വ്യക്തികളുമാണ് പുതിയ സംഘത്തില്‍ ഉള്ളത്.
മെക്‌സികോ അതിര്‍ത്തിയിലൂടെയും മറ്റ് പാതകള്‍ വഴിയും അനധികൃതമായി യുഎസിലേക്ക് കുടിയേറിയവരാണ് ഈ വ്യക്തികള്‍ എന്നും ഇവരുടെ പക്കല്‍ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളില്ലായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെയാണ് അനധികൃത കുടിയേറ്റക്കാരെ യുഎസ് പുറത്താക്കിത്തുടങ്ങിയത്.
104 പേരടങ്ങുന്ന ഇന്ത്യക്കാരുടെ ആദ്യ സംഘത്തെ ഫെബ്രുവരി അഞ്ചിന് സൈനിക വിമാനത്തില്‍ തിരിച്ചെത്തിച്ചിരുന്നു. കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിപ്പിച്ച് ഇന്ത്യക്കാരെ നാടുകടത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഇതിനിടെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തിന് പിന്നാലെ പുതിയ സംഘത്തെയും നാട്ടിലേക്ക് തിരിച്ചയക്കുന്നത്. 18,000 ത്തോളം ഇന്ത്യക്കാര്‍ അനധികൃതമായി യുഎസില്‍ താമസിക്കുന്നുണ്ടെന്നാണ് കണക്കുകള്‍.