ഫ്രാൻസിൽ പ്രധാനമന്ത്രിയായി രണ്ടാമതും സെബാസ്റ്റ്യൻ ലെകോർണുവിനെ നിയമിച്ചു

പാരീസ് : രാഷ്ട്രിയ അനിശ്ചിതത്വം തുടരുന്ന ഫ്രാൻസിലെ പ്രധാനമന്ത്രിയായി രണ്ടാമതും സെബാസ്റ്റ്യൻ ലെകോർണുവിനെ നിയമിച്ചു. രാജിവെച്ച് നാല് ദിവസത്തിന് ശേഷമാണ് ലെകോർണു വീണ്ടും പ്രധാനമന്ത്രി പദവിയിലെത്തുന്നത്. ദിവസങ്ങളോളം നീണ്ട വാശിയേറിയ ചർച്ചകൾക്കും മാക്രോണും പാർട്ടി നേതാക്കളും തമ്മിലുള്ള രണ്ട് മണിക്കൂർ നീണ്ട കൂടിക്കാഴ്ചക്കും ശേഷമാണ് തീരുമാനം.
വീണ്ടും പ്രധാനമന്ത്രി ചുമതലയേറ്റ ലെകോർണു തന്റെ ദൗത്യം കടമയായി കാണുന്നുവെന്നും, രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കുമെന്നും, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി പുനഃസ്ഥാപിക്കുന്നതിന് മുൻഗണന നൽകുമെന്നും വ്യക്തമാക്കി. പുതിയ മന്ത്രിസഭയിൽ ചേരുന്നവർ 2027ലെ പ്രസിഡന്റ് സ്ഥാനമോഹങ്ങൾ മാറ്റിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
2024 ജൂണിൽ പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പാർലമെന്റ് പിരിച്ചുവിട്ടതിനെത്തുടർന്ന് രാഷ്ട്രീയ പ്രതിസന്ധിയിലായിരുന്നു ഫ്രാൻസ്. ഇതോടെ ഫ്രഞ്ച് പാർലമെന്റ് ഭിന്നിച്ച് ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയിലെത്തി. ഭരണത്തിന് ഭൂരിപക്ഷം ഇല്ലാത്തതിനാൽ ഫ്രാൻസിന്റെ വർധിച്ചുവരുന്ന കടക്കെണി പരിഹരിക്കാനുള്ള നിർണായക ബഡ്ജറ്റ് പാസാക്കാൻ പാർലമെന്റിന് കഴിഞ്ഞിട്ടില്ല.
അതേസമയം ചെലവുചുരുക്കലിന് നിർദേശിക്കപ്പെട്ട നടപടികൾ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. പൊതു കടം കുതിച്ചുയരുന്ന സാഹചര്യത്തിൽ ഈ വർഷം അവസാനത്തോടെ പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ച് അംഗീകാരം നേടുക എന്ന അടിയന്തര ദൗത്യം ലെകോർണുവിനുണ്ട്. ഇത് ഫ്രാൻസിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് അത്യാവശ്യമാണ്.
ഫ്രാൻസിന്റെ രാഷ്ട്രീയ സ്തംഭനം മാറ്റാനും സാമ്പത്തിക ഞെരുക്കത്തിനും വർധിച്ചുവരുന്ന യൂറോപ്യൻ യൂണിയൻ ആശങ്കകൾക്കും ഇടയിൽ ഒരു ബജറ്റ് അവതരിപ്പിക്കാനും പ്രതീക്ഷിച്ചുകൊണ്ടാണ് രാജി വെച്ച് ദിവസങ്ങൾക്ക് ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സെബാസ്റ്റ്യൻ ലെകോർണുവിനെ വീണ്ടും പ്രധാനമന്ത്രിയായി നിയമിച്ചത്.
2024 ലെ തിരഞ്ഞെടുപ്പിന് ശേഷം ഫ്രഞ്ച് പാർലമെന്റിൽ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യമാണ്. ഇത് രാജ്യത്ത് വലിയ രാഷ്ട്രീയ അസ്ഥിരതക്ക് കാരണമായിട്ടുണ്ട്. എന്നാൽ 2027 വരെ നീണ്ടുനിൽക്കുന്ന തന്റെ പ്രസിഡന്റ് സ്ഥാനം കൈവിട്ടു പോകാതിരിക്കാനുള്ള മാക്രോണിന്റെ അവസാന വെടിക്കെട്ടാണ് ലെകോർണുവിന്റെ പുനർനിയമനമെന്ന് വിലയിരുത്തുന്നുണ്ട്. ജനവിരുദ്ധ നയങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചതിലൂടെ മുൻ സർക്കാറുകൾ തകർന്ന മക്രോണിന് ഇനിയും അധികകാലം പിടിച്ചു നിൽക്കാൻ കഴിയില്ലെന്നും വിമർശനമുണ്ട്.