മാൾട്ടയുടെ പേരിൽ പ്രചരിക്കുന്ന മിസ്സിംഗ് ചൈൽഡ് സ്കാമിനെതിരെ മുന്നറിയിപ്പ്
മാൾട്ടയിൽ കണ്ടെത്തിയെന്ന വിശദീകരണത്തോടെ പ്രചരിക്കുന്ന മിസ്സിംഗ് ചൈൽഡ് സ്കാമിനെതിരെ മുന്നറിയിപ്പ്. മാതാപിതാക്കളില്ലാതെ കണ്ടെത്തിയ കുട്ടികൾ, ഉടമസ്ഥരില്ലാത്ത വളർത്തുമൃഗങ്ങൾ തുടങ്ങി സഹതാപം പിടിച്ചുപറ്റുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ച് തട്ടിപ്പ് നടത്തുന്നതിനെതിരെയാണ് വസ്തുതാ പരിശോധനാ സംഘങ്ങൾ മുന്നറിയിപ്പ് നൽകിയത്. പോസ്റ്റ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു കഴിഞ്ഞാൽ വഞ്ചനാപരമായ വെബ്‌സൈറ്റുകളിലേക്കോ തട്ടിപ്പുകളിലേക്കോ ഉള്ള ലിങ്കുകൾ അടങ്ങുന്ന ഒരു പോസ്റ്റാക്കി മാറ്റുകയും ഉപയോക്താക്കളോട് അവരുടെ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നുവെന്നാണ് മുന്നറിയിപ്പ്.
അടുത്തിടെ അമേരിക്കൻ ടിവി ചാനൽ പൊളിച്ചെഴുതിയ മാൾട്ടയിലെ കുട്ടിയുടെ കഥ പറയുന്ന സാമൂഹ്യമാധ്യമ പോസ്റ്റാണ് ഈ വസ്തുതാ അന്വേഷണത്തിന് കാരണമായത്. മൂന്ന് വയസ്സുകാരനെ മാൾട്ടയിൽ നിന്ന് കണ്ടെത്തിയെന്നും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും ഒരു ആൺകുട്ടിയുടെ രണ്ട് ഫോട്ടോകൾ ഉൾക്കൊള്ളുന്ന പോസ്റ്റിൽ അവകാശപ്പെടുന്നു. അവന്റെ കുടുബത്തെ കുറിച്ച് പൊലീസിന് അറിയില്ല എന്നും അവരെ കണ്ടെത്താൻ സഹായിക്കണമെന്നുമുള്ള ഉള്ളടക്കത്തോടെയാണ് പോസ്റ്റ് പ്രചരിച്ചത്. പോസ്‌റ്റ് ഒരു തട്ടിപ്പാണെന്ന് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നത് തടയാൻ പോസ്‌റ്റിൻ്റെ കമൻ്റുകൾ ബ്ലോക്ക് ചെയ്തിരുന്നു.
എന്നാൽ സെപ്റ്റംബറിൽ, ഇതേ പോസ്റ്റ് രാജ്യത്തുടനീളം പ്രചരിച്ചിട്ടുണ്ടെന്ന് പറഞ്ഞ് കെഎക്സ്എൽഎഫ്, മൊണ്ടാനയിലെ ബ്യൂട്ടിലെ ഒരു ടിവി സ്റ്റേഷൻ വസ്തുതാ അന്വേഷണത്തിലൂടെ കണ്ടെത്തി. കഴിഞ്ഞ വർഷം, ടൈംസ് ഓഫ് മാൾട്ടയും സമാനമായ ഒരു കഥ പൊളിച്ചെഴുതിയിരുന്നു.