ഖത്തർ എടുക്കുന്ന ഏത് തീരുമാനത്തിനും ഒപ്പമുണ്ടാക്കും : സൗദി

റിയാദ് : ഖത്തർ എടുക്കുന്ന ഏത് തീരുമാനത്തിനും ഒപ്പമുണ്ടാകുമെന്ന് ആവർത്തിച്ച് സൗദി അറേബ്യ. ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ ഖത്തർ നടത്തുന്ന നീക്കങ്ങളെ സൗദിയും പിന്തുണക്കും. സൗദി ശൂറാ കൗൺസിൽ യോഗത്തിൽ സൗദി കിരീടാവകാശി ഇക്കാര്യം ആവർത്തിച്ചു. സൗദിയുമായി ബന്ധം സ്ഥാപിക്കാനുള്ള ഇസ്രായേൽ നീക്കം പുതിയ സംഭവത്തോടെ വൈകും.
ദോഹക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ ജിസിസി രാജ്യങ്ങൾ ഒന്നടങ്കം ഖത്തറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇസ്രായേലിനെതിരെ നടപടിക്കായി ഖത്തർ ശ്രമം തുടരുന്നതിനിടെയാണ് സൗദി പിന്തുണ ആവർത്തിച്ചത്. ഖത്തർ എടുക്കുന്ന ഏത് തീരുമാനത്തിനൊപ്പവും സൗദി ഉണ്ടാകുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ശൂറാ കൗൺസിൽ യോഗത്തിൽ ആവർത്തിച്ചു.
സമീപകാല ചരിത്രത്തിൽ ഒരു ജിസിസി രാഷ്ട്രത്തിന് നേരെ ഇസ്രായേൽ ആക്രമണം നടത്തുന്നത് ആദ്യമാണ്. ഇസ്രായേലുമായി നയതന്ത്ര നീക്കത്തിലേക്ക് പോകാനിരുന്ന സൗദി അറേബ്യ ഇക്കാര്യത്തിൽ നിന്നും നേരത്തെ പിറകോട്ട് പോയിരുന്നു. പുതിയ സംഭവ വികാസങ്ങളോടെ ഇസ്രായേലിന് സൗദിയുമായുള്ള ബന്ധം സ്ഥാപിക്കലും വെല്ലുവിളിയാകും. 1967 അതിർത്തികളോടെ ഫലസ്തീൻ രാഷ്ട്രം പിറക്കാതെ ഇസ്രായേലുമായി നയതന്ത്ര ബന്ധമുണ്ടാകില്ലെന്ന് സൗദി ഇന്നലെ ആവർത്തിച്ചിട്ടുണ്ട്.