അന്തർദേശീയം

യെമൻ സഖ്യസേനയുടെ സംയുക്ത സേന മേധാവിയെ തൽസ്ഥാനത്ത് നിന്ന് നീക്കി സൗദി അറേബ്യ

റിയാദ് : സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള യെമൻ സഖ്യസേനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന ജോയിന്റ് ഫോഴ്‌സസിന്റെ കമാൻഡർ സ്ഥാനത്തുനിന്ന് ഫഹദ് അൽ സൽമാനെ മാറ്റി സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിറക്കി. ഹൂതികൾ രാജ്യത്തേയ്ക്ക് നിരന്തരം ആക്രമണം നടത്തുന്ന സാഹചര്യത്തിൽ സൗദി അറേബ്യ സൈനിക നേതൃത്വത്തിൽ നിർണായക അഴിച്ചുപണി നടത്തി.. പ്രതിരോധ മന്ത്രിയുടെ സൈനികകാര്യ ഉപദേഷ്ടാവായാണ് ഫഹദ് അൽ സൽമാനെ പുതിയതായി നിയമിച്ചിരിക്കുന്നത്.ജനറൽ ഫയ്യാദ് അൽ റുവൈലിയെ സായുധസേനയുടെ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് പദവിയിൽ തുടരുന്നതിനൊപ്പം സംയുക്ത സേനയുടെ പുതിയ കമാൻഡറായും നിയമിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് രാജാവ് ഉത്തരവ് പുറപ്പെടുവിച്ചത്. സൈനിക ഉദ്യോഗസ്ഥരുടെ സേവനവുമായി ബന്ധപ്പെട്ട ചട്ടങ്ങളും പ്രസക്തമായ രാജകീയ ഉത്തരവുകളും പരിശോധിച്ച ശേഷമാണ് നിയമനമെന്നുമാണ് റിപ്പോർട്ട്.

ലോകത്തിലെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യയ്ക്കെതിരായ ഹൂതികളുടെ തുടർച്ചയായ ആക്രമണങ്ങൾ പശ്ചിമേഷ്യയിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഹൂതികളുടെ ആക്രമണം സൗദിയുടെ വിമാന സർവീസുകളെയും എണ്ണ വിതരണത്തെയും ബാധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്. യെമനിലെ ഭരണസിരാകേന്ദ്രമായ ഏദനിലേക്ക് ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ മുന്നേറ്റം തുടരുന്നതിനിടെയാണ് സൗദി ഭരണകൂടത്തിന്റെ ഈ സുപ്രധാന സൈനിക നീക്കം.

ഇതിനിടെ ഹൂതികൾ തൊടുത്ത രണ്ട് ഡ്രോണുകൾ വെടിവെച്ചിട്ട് സൗദി സൈന്യം. യെമനിലെ ഹൂതി വിമതർക്കെതിരെ പോരാടുന്ന സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയാണ് രണ്ട് ഡ്രോണുകൾ തടഞ്ഞതായി അറിയിച്ചത്. മക്ക, റിയാദ് മേഖലകൾ ലക്ഷ്യമിട്ട് ഹൂതികൾ വിക്ഷേപിച്ച ഡ്രോണുകളാണ് സൈന്യം തകർത്തതെന്നാണ് വെളിപ്പെടുത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button