എ ടി എമ്മിൽ പണം നിറയ്ക്കാനായി കൊണ്ടുവന്ന 30 ലക്ഷം റിയാൽ തട്ടിയെടുത്തു; യമനി പൗരൻറെ വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ

റിയാദ് : എ ടി എമ്മിൽ പണം നിറയ്ക്കാൻ എത്തിയ സംഘത്തിന് നേരെ വെടിയുതിർത്ത ശേഷം 30 ലക്ഷം റിയാൽ തട്ടിയെടുത്ത കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി. ശനിയാഴ്ച മക്കയിൽ വെച്ചാണ് പ്രതിയായ യമനി പൗരൻ തുർക്കി അബ്ദുല്ല ഹസൻ അൽ സഹ്‌റാന്റെ വധശിക്ഷ നടപ്പിലാക്കിയത്.
പ്രതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വധശിക്ഷയ്ക്ക് വിധിക്കുകയും ഇതിന് രാജാവ് അംഗീകാരം നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വധശിക്ഷ നടപ്പിലാക്കിയത് എന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രതി ഒരു ക്രിമിനൽ സംഘം രൂപീകരിച്ചാണ് കവർച്ച ആസൂത്രണം ചെയതത്. എ ടി എമ്മുകളിൽ പണം നിറയ്ക്കാൻ എത്തിയ രണ്ട് വാഹനങ്ങൾ തടഞ്ഞുനിർത്തി യമനി പൗരൻ അടങ്ങിയ സംഘം കൊള്ളയടിക്കുക ആയിരുന്നു. കൃത്യത്തിനിടെ രണ്ട് ജീവനക്കാർക്ക് നേരെ പ്രതി വെടിയുതിർക്കുകയും ചെയ്തിരുന്നു.
രണ്ട് കവർച്ചകളിലായി ആകെ 30 ലക്ഷം റിയാലാണ് യമനി പൗരൻ അടങ്ങിയ സംഘം തട്ടിയെടുത്തത്.
സംഭവത്തെത്തുടർന്ന് പൊലീസ് നടത്തിയ ആന്വേഷണത്തിൽ പ്രതിയെ പിടികൂടുകയും പണം കണ്ടെടുക്കുകയും ചെയ്തു. പണം തട്ടിയെടുക്കാൻ ആയുധം ഉപയോഗിച്ചത് ഇസ്ലാമിക നിയമപ്രകാരമുള്ള സായുധ കുറ്റകൃത്യമായി കണക്കാക്കി പരമാവധി ശിക്ഷ നൽകണമെന്ന് അഭിഭാഷകർ കോടതിയിൽ വാദിച്ചു. പ്രതിയുടെ മേൽ ആരോപിച്ച കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചു. ഇതോടെയാണ് പ്രതിയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്.
രാജ്യത്ത് പൊതുസുരക്ഷയും നീതിയും ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.



