വിംബിൾഡൺ കരിയർ അവസാനിപ്പിച്ച് സാനിയ മിർസ
ലണ്ടന്‍: പരാജയത്തോടെ വിംബിള്‍ഡണ്‍ കരിയര്‍ അവസാനിപ്പിച്ച് സാനിയ മിര്‍സ. സെമി ഫൈനലില്‍ നിലവിലെ ചാമ്ബ്യന്‍മാരോട് പൊരുതി തോറ്റാണ് സാനിയ വിംബിള്‍ഡണ്‍ കരിയറിനോട് വിടപറയുന്നത്.
മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സാനിയയും അവരുടെ ക്രൊയേഷന്‍ പങ്കാളി മേറ്റ് പാവികും മിക്സ്ഡ് ഡബിള്‍സ് സൈമി ഫൈനലില്‍ സ്കുപ്സ്കി- ഡിസൈറ ക്രോസിക് സഖ്യത്തോട് അടിയറവ് പറഞ്ഞത്. രണ്ട് മണിക്കൂറും 16 മിനിറ്റും നീണ്ടതായിരുന്നു പോരാട്ടം. സ്കോര്‍-6-4, 5-7, 4-6.
ആറ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയ സാനിയ മിര്‍സ ഇന്ത്യയിലെ എക്കാലത്തേയും മികച്ച വനിത ടെന്നീസ് താരങ്ങളിലൊരാളാണ്. മൂന്ന് മിക്സ്ഡ് ട്രോഫികളും സാനിയയുടെ കിരീടനേട്ടത്തില്‍ ഉള്‍പ്പെടുന്നു.
2009ലെ ആസ്ട്രേലിയന്‍ ഓപ്പണ്‍, 2012ലെ ഫ്രഞ്ച് ഓപ്പണ്‍, 2014 യു.എസ് ഓപ്പണ്‍ എന്നീ ടൂര്‍ണമെന്റുകളിലാണ് സാനിയ മിക്സ്ഡ് ഡബിള്‍സ് കിരീടം നേടിയത്. 20 വര്‍ഷക്കാലം വിംബിള്‍ഡണില്‍ കളിക്കാനും വിജയിക്കാനും സാധിച്ചത് വലിയ ബഹുമതിയാണെന്ന് മത്സരശേഷം സാനിയ ട്വിറ്ററില്‍ കുറിച്ചു.